കാശുകൊടുത്തു വിയർക്കുന്നവർ
നമ്മുടെയൊക്കെ ചുറ്റും ഒരുപാട് നല്ല കാര്യങ്ങളുണ്ട്. അതൊക്കെ ബുദ്ധിപരമായി എങ്ങനെ ഉപയോഗിക്കാമെന്ന് അറിയുന്നതിലാണ് യഥാർത്ഥ കഴിവ്. അത് നമ്മുടെ തൊഴിലിടങ്ങളിൽ മാത്രമല്ല, സ്വന്തം ജീവിതത്തിലും പ്രയോഗിക്കാം. പക്ഷേ, ഇവിടെ ഒരു പ്രശ്നമുണ്ട്. മനുഷ്യന് ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് ഉറക്കം. നല്ല ഉറക്കമില്ലെങ്കിൽ പിന്നെ എന്ത് ചെയ്തിട്ടെന്താ കാര്യം? "തന്റെ പ്രിയനോ അവൻ അത് ഉറക്കത്തിൽ കൊടുത്തു" എന്ന് വിശുദ്ധ വേദപുസ്തകത്തിൽ പോലും പറഞ്ഞി
ട്ടുണ്ടല്ലോ. ഉറങ്ങിക്കിടക്കുമ്പോൾ പോലും അനുഗ്രഹം ലഭിക്കുന്നവരുണ്ടെന്ന് സാരം!
ഇനി കാര്യത്തിലേക്ക് വരാം. നമ്മുടെ നവകേരളത്തിൽ കൂൺ പോലെ മുളച്ചുപൊങ്ങുന്ന ഒരു പ്രതിഭാസമുണ്ട് – ജിം! മുലകുടി മാറാത്ത പിള്ളേര് മുതൽ കഷ്ടിച്ച് നടക്കാൻ പറ്റുന്ന പ്രായമായവർ വരെ ജിമ്മിൽ പോയി വിയർക്കുന്ന കാഴ്ച സാധാരണയായിട്ടുണ്ട്. ഞാൻ പരിഹസിക്കുകയല്ല കേട്ടോ. വീടും അത്യാവശ്യം കിളയ്ക്കാൻ പറമ്പുമുള്ള നമ്മൾക്ക്, അവിടെ നന്നായി വിയർപ്പൊഴുക്കി പണിയെടുത്ത് ആരോഗ്യവും ഒപ്പം ഓർഗാനിക് ഭക്ഷണവും സ്വന്തമാക്കാമായിരുന്നു. അതിനു പകരം കാശ് കൊടുത്ത് ജിമ്മിൽ പോയി വിയർക്കുന്ന ഈ പരിപാടിക്ക് എന്തു പറയാനാണ്?
വീടിന് തൊട്ടടുത്ത് ജോലി, നടന്നുപോകാൻ പറ്റുന്ന ദൂരം... എന്നിട്ടും വെയിലാണെങ്കിൽ സ്കൂട്ടറിൽ, മഴയാണെങ്കിൽ കാറിൽ പോകുന്ന മഹാരഥന്മാർ നമുക്കിടയിലുണ്ട്. എന്നിട്ടോ, വാതോരാതെ പറയും, "ഈ തടി കൂടുന്നത് ഒരു കുറവാണ്, എങ്ങനെയെങ്കിലും കുറയ്ക്കണം!" കാറിന്റെ മുന്നിൽ കിടക്കുന്ന സ്കൂട്ടർ തള്ളിമാറ്റാൻ പോലും മടിച്ച്, സ്റ്റാർട്ട് ചെയ്ത് 20 മീറ്റർ മുന്നോട്ട് ഓടിച്ച് മാറ്റിയിടുന്ന ഈ നാട്ടിൽ തടി എങ്ങനെ കുറയും? ഹോ!
നമ്മുടെ ചുറ്റുമുള്ള സാധ്യതകളെക്കുറിച്ച് പറഞ്ഞത് അതുകൊണ്ടാണ്. ഇതിനൊക്കെ നൂറു ന്യായങ്ങൾ കണ്ടെത്തി, വെളുപ്പിന് എഴുന്നേറ്റ് മാസം 1000 രൂപ കൊടുത്ത് യോഗ ചെയ്യുന്നവരുണ്ട്. യോഗ മോശമാണെന്നല്ല പറഞ്ഞത്. പക്ഷേ, യോഗ ചെയ്തു വിയർക്കുമ്പോൾ നാലുപേരെ കാണിച്ചിട്ട് "ഇത് 3.5 കിലോമീറ്റർ നടക്കുന്നതിന്റെ പ്രയോജനമാണ്!" എന്ന് പറയുന്നതിലെന്താണ് അർത്ഥം? ആ 3.5 കിലോമീറ്റർ നടക്കാൻ കാശ് കൊടുക്കേണ്ടല്ലോ! നന്നായി കൈയ്യും വീശി നടന്നാൽ, വീടിന്റെ പറമ്പിലെ പണികളൊക്കെ ചെയ്താൽ ഈ പറഞ്ഞ യോഗയെക്കാൾ എത്രയോ ഇരട്ടി പ്രയോജനം കിട്ടും.
ഈ യോഗയും ജിമ്മുമൊക്കെ, പറമ്പോ നടക്കാനും ഓടാനോ സാഹചര്യങ്ങളോ ഇല്ലാത്തവർക്ക് നല്ല ഉപകാരമാണ്, സമ്മതിച്ചു. പക്ഷേ, എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും, മറ്റു ഒഴിവുകഴിവുകൾ പറഞ്ഞ് സ്വന്തം സാധ്യതകളെ തഴഞ്ഞ്, കാശു കൊടുത്ത് വിയർത്ത് തലയെടുപ്പോടെ അഭിമാനിക്കുന്ന ഒരു 'നവകേരള' തലമുറയാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്.
ഇതൊക്കെ കേൾക്കുമ്പോൾ നിങ്ങൾക്ക് ചിരി വരുന്നുണ്ടോ അതോ ചിന്ത വരുന്നുണ്ടോ?
No comments:
Post a Comment