ആത്മബന്ധത്തിന്റെ അപൂർണത

AI Generated Image

ഔപചാരികതകൾ അധികം ഇല്ലാത്ത ഒരു ബന്ധം ആയിരുന്നു അവരുടേത്.  ദിനവുമുള്ള അവരുടെ ജോലി സംബന്ധമായ ഇടപെടലിൽ എപ്പോഴോ അവൻ അറിയാതെ അവളെ ആകർഷിച്ചുവോ?  ഒരു പക്ഷേ ദൈവിക നിശ്ചയം ആയിരിക്കാം.  പലരും പലപ്പോഴും യാത്ര പോയി വരുമ്പോൾ കൊണ്ടുവരുന്ന മിഠായികൾ അധികം ആസ്വദിക്കാതെ ഇരുന്നപ്പോൾ ഒരിക്കൽ അപ്രതീക്ഷിതമായിട്ടാണ് കുറെ മിഠായികൾ അവനായിട്ട് വന്നത്.  ആരോ അവളുടെ ജോലിസ്ഥലത്ത് പോയപ്പോൾ അവനുവേണ്ടി കൊടുത്തുവിട്ടതായിരുന്നു, അവൻ അറിയാതെ. ആ മധുരത്തിൽ ഒളിഞ്ഞിരുന്നത് എന്തായിരുന്നിരിക്കാം എന്നൊന്നും അവൻ ചിന്തിച്ചില്ല.  

ഒരിക്കലും നേരിട്ട് കാണില്ലെന്ന് സ്വപ്നേപി നിരൂപിക്കാതെ ഇരുന്നപ്പോൾ, ഒരിക്കൽ അവൾ പറഞ്ഞു, ഞാൻ വരുന്നു.  ഇതുവരെ കണ്ടിട്ടില്ലാത്ത സഹപ്രവർത്തകയെ കാണുക എന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.  ആദ്യമായി കണ്ടപ്പോൾ കുറെയേറെ ആവശ്യങ്ങൾ, അവൾ ആഗ്രഹിച്ചതെല്ലാം, അവൻ ഒരു മടിയുമില്ലാതെ ചെയ്തു കൊടുത്തു.  തിരികെ പോയപ്പോൾ ഒരു ശൂന്യത പോലെ തോന്നിയെങ്കിലും അവരുടെ അടുപ്പം കൂടുതൽ ആഴത്തിലേക്ക് നീണ്ടിരുന്നു.  ഒരു ആത്മമിത്രത്തിലുപരിയായി ആ ബന്ധം വളർന്നു.  ഈ ലോകത്തിലുള്ള എന്തിനെക്കുറിച്ചും സംസാരിക്കാൻ കഴിയുന്ന ഒരു ആത്മബന്ധം അവരുടെ ഇടയിൽ വളർന്നിരുന്നു.  എന്നിരുന്നാലും ജോലി സംബന്ധമായല്ലാതെ അവർ അധികം വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല.  പക്ഷേ അവരുടെ മനസ്സുകൾ തമ്മിൽ അവരറിയാതെ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു.

വീണ്ടും വരുന്നു എന്ന് ഒരിക്കൽ അവൾ പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം രണ്ടുപേർക്കും ഉണ്ടായതായി അവർ പറഞ്ഞിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ അവസരം.  എപ്പോഴും അങ്ങിനെയാണല്ലോ.  നമ്മൾ കൂടുതൽ പ്രതീക്ഷിക്കുമ്പോൾ ആശിക്കുന്നത് പോലെ നടന്നില്ല എങ്കിൽ വളരെയേറെ നിരാശ ഉണ്ടാകും.  ഒരിക്കലും ഒന്നും പ്രതീക്ഷിക്കാതെ ലഭിക്കുമ്പോൾ, അത് തരുന്ന ആനന്ദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.  അങ്ങിനെ അവർക്ക് കിട്ടിയ ഒരവസരത്തെ എന്ത് വിളിക്കണമെന്ന് അവന് അറിയില്ല. പലപ്പോഴും അവൻ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നതായി പറഞ്ഞിരുന്നു.  

ഇത്തവണ അവൾ ഒരുപാട് ഒന്നും ആശിച്ചില്ല. പകരം, രണ്ട് ആഗ്രഹങ്ങൾ മാത്രമാണ് പറഞ്ഞത്.  രണ്ടും നിഷ്പ്രയാസം അവൻ സാധിച്ചു കൊടുത്തു.  എങ്കിലും അവന്റെ ഒരു ചോദ്യത്തിന് മാത്രം അവൾ ഒരു മറുപടിയും പറഞ്ഞില്ല.  അവന് ആഗ്രഹമുണ്ടായിരുന്നു, എങ്ങിനെയാണ് അവൻ അവളുടെ ഒരു ആകർഷണ പാത്രമായത്?  അങ്ങിനെ വാക്കിലോ നോക്കിലോ പ്രവർത്തിയിലോ ഒരിക്കൽ പോലും അവൻ പെരുമാറിയിട്ടില്ല.  പിന്നെ, എങ്ങിനെ എന്ന് അവന് അറിയണമെന്നുണ്ടായിരുന്നു.  പക്ഷേ അത് മാത്രം അവൾ ഒരിക്കലും പറഞ്ഞിരുന്നില്ല.  പകരം ഒരു നിഗൂഢമായ ചിരിയിൽ മാത്രം ഒതുക്കി.  ആ ചിരിയുടെ അർഥം അവൻ ഒരിക്കലും അറിഞ്ഞില്ല.  അത്രക്ക് പാവമായിരുന്നു അവന്റെ മനസ്സ്.  ആരെന്ത് ചോദിച്ചാലും തന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതാണെങ്കിൽ ചെയ്തു കൊടുക്കുക എന്നതായിരുന്നു അവന്റെ കടമ.  

ഇത്തവണ തിരികെ പോകുമ്പോൾ ഒരുപാട് ഭാരമേറിയ മനസ്സുമായിട്ടാണ് രണ്ടുപേരും പിരിഞ്ഞത്.  കാരണം ഇനി ഇതേപോലൊരു അവസരം ദൈവം കൊടുത്തരുമോ എന്തോ.  ഒരിക്കൽ അവൾ പറഞ്ഞിരുന്നു, നിന്നിൽ നിന്ന് ഒന്നും എനിക്ക് വേണ്ട.  പക്ഷേ, ആ പറച്ചിൽ ഒരു പാഴ് വാക്കായോ എന്ന് അവന് പലപ്പോഴും തോന്നി.  കാരണം, അവരുടെ ബന്ധം അത്രമേൽ ആഴത്തിലുള്ളതായി തീർന്നിരുന്നു.  

പിന്നീട് പലപ്പോഴും സംസാരിക്കുമ്പോൾ അവൾ പറഞ്ഞിരുന്നു, എനിക്ക് ഇത് പതിയെ ഒഴിവാക്കാൻ കഴിയും.  പക്ഷേ അവൾക്ക് പ്രയാസങ്ങൾ വരുമ്പോൾ അവൻ അറിഞ്ഞിരുന്നു.  അത്രമേൽ ഒരു മാനസിക അടുപ്പം അവർ തമ്മിലായി.  പിന്നീട്, അവൾ പതിയെ പതിയെ അവളുടെ വാക്കുകൾ പ്രാബല്യത്തിൽ കൊണ്ടുവരുവാൻ തുടങ്ങി.  കാരണം മുൻപ് അവന്റെ ഓരോ വാക്കുകൾക്കും അവൾ മറുപടി കൊടുത്തിരുന്നു എങ്കിൽ, ഇപ്പോൾ അവൾക്ക് ഇഷ്ടമുള്ളതിന് മാത്രമേ കൊടുക്കാറുള്ളൂ.  പലതും കണ്ടിട്ടും, കണ്ടില്ല എന്ന് നടിക്കുവാൻ തുടങ്ങി.  അതേ സമയം അവൻ വേണ്ടപ്പെട്ടതാണെന്ന് കാണിക്കാൻ അവൾ ഒരു മടിയും കാണിച്ചില്ല.  എങ്കിലും പല ചോദ്യങ്ങൾക്കും മറുപടികൾ ഇല്ലാതെ ആയി.  ആഴ്ചയിൽ ഒരിക്കലെങ്കിലും സംസാരിക്കണം എന്ന് അവൾ പറഞ്ഞിരുന്നു.  അതിന് പോലും അവൾക്ക് സമയമില്ല എന്ന് സങ്കടത്തോടെയാണ് അവൻ പറഞ്ഞത്.  അപ്പോഴും ഞാൻ ചിന്തിച്ചിരുന്നു, സമൂഹം സ്ത്രീകളെ മാത്രം സഹാനുഭൂതിയോടെ കാണും.  പക്ഷേ ഇതേ പോലെയുള്ള പാവങ്ങളായ പുരുഷന്മാരുടെ മനസ്സോ? അവർ കാണുകയുമില്ല, അതിനൊരു സഹാനുഭൂതിയുമില്ല.  പുതു തലമുറയുടെ ഭാഷയിൽ പറഞ്ഞാൽ "അവൾ അവനെ തേക്കാൻ തുടങ്ങി".

അവൻ ഒരിക്കലും അവളെ കുറ്റം പറഞ്ഞിട്ടില്ല. കാരണം, അവൾ ആത്മാർത്ഥ സുഹൃത്താണെങ്കിലും ഒരു ഭർതൃമതിയാണല്ലോ.  അപ്പോൾ അവൾക്ക് ഒരുപിടി ഉത്തരവാദിത്തങ്ങൾ ഉണ്ട് അവിടെ.  പിന്നെ അവനെ ഓർക്കാൻ എങ്ങിനെ സമയം കണ്ടെത്തും?  ഓരോ ചോദ്യങ്ങളും അവൻ തന്നെ ഒരു കാരണം കണ്ടെത്തി സ്വയം ആശ്വാസം കണ്ടെത്തി. 

ഇന്നിതാ, അവൾ പോകുന്നു.  ജീവിതത്തിൽ ഉയർച്ചയിലേക്കുള്ള പടവുകൾ താണ്ടാൻ അവൾ തയ്യാറെടുക്കുമ്പോഴും, അവന്റെ മുന്നിലുള്ള ഒരു ചോദ്യത്തിന് ഉത്തരം തരാതെ അവൾ പോകുന്നു. അവന്റെ ഹൃദയം നീറിപ്പുകയുമ്പോഴും, ഒരു പാഴ് വാക്കായി അവൾ പറയുന്നു, നമ്മൾക്ക് സംസാരിക്കാൻ അവസരമുണ്ടല്ലോ എന്ന്.  പലപ്പോഴും അവൻ ആഗ്രഹിച്ചിരുന്നു, വിളിച്ചിരുന്നു. പക്ഷേ പല കാരണങ്ങളാൽ അത് നടന്നില്ല.  

ദൈവം കൊണ്ട് തന്നതല്ലേ, ദൈവം തന്നെ അത് മുടക്കുമ്പോൾ അതിലൊരു നന്മയുണ്ടാകും എന്നവൻ വിശ്വസിച്ചു.  അവൻ ആശ്വസിച്ചു, താൻ ആരെയും തേടിപ്പോയിട്ടില്ല. തന്നെ തേടി വന്നവരെ അവൻ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല.  അവർക്ക് ആവോളം ആശ്വാസവും സന്തോഷവും കൊടുത്തു. ഒരു പക്ഷേ ദൈവം തന്നെക്കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് ഇതായിരിക്കും എന്നവൻ വിശ്വസിച്ചു.

നീറുന്ന ഹൃദയത്തോടെ, ഒരിക്കലെങ്കിലും അവൾ അവനെ വിളിക്കും എന്നുള്ള പ്രതീക്ഷയോടെ, ഓർമകളിൽ ജീവിക്കുന്ന അവന്റെ മുഖത്തെ കാണുമ്പോൾ, എങ്ങിനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാനും.

No comments:

Powered by Blogger.