കൃഷ്ണയ്യരുടെ വിമന്‍സ് കോഡ് ബില്‍

      നിയമ പരിഷ്കരണ സമിതിയുടെ പുതിയ നയങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ മാത്രമല്ല, എല്ലാ സ്ഥലങ്ങളിലും ചൂടുള്ള ഒരു ചര്‍ച്ചാ വിഷയമാണ്.  സാക്ഷര കേരളത്തിലെ ഈ പുതിയ നയത്തിനെ കുറിച്ച് കൂടുതലും ചര്‍ച്ച നടത്തുന്നത് വിദേശങ്ങളില്‍ ഉള്ളവരാണ്.  എന്ത് കൊണ്ട് ഇതിനു വിമന്‍സ് കോഡ് എന്ന് പേരിട്ടു? കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിനു സ്ത്രീകള്‍ മാത്രമോ കുറ്റക്കാര്‍? എന്ത് കൊണ്ട് പേരന്‍സ് കോഡ് എന്നിട്ടില്ല? രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുക എന്ന് പറഞ്ഞാല്‍ കുഴപ്പമില്ല.  പക്ഷെ മാതാ പിതാക്കള്‍ക്ക് തടവും പിഴയും ശിക്ഷ എന്ന് പറഞ്ഞാല്‍, അതിനര്‍ത്ഥം ഏതോ മഹാ പാപം അവര്‍ ചെയ്തു എന്നല്ലേ?   അതിലും വലിയ മഹാ പാപികള്‍ ഇവിടെ സുഖമായി നടക്കുന്നു.  പിന്നെ, ആനുകൂല്യങ്ങള്‍.  ഈ പറഞ്ഞ സാധനം കിട്ടുന്നവര്‍ വളരെ ചുരുക്കമല്ലേ ?

      കൃഷ്ണയ്യര്‍ക്ക് ഒരു പക്ഷെ രണ്ടു ആണ്മക്കള്‍ ആയിരിക്കാം.  ആ മാന്യ ദേഹത്തിനു രണ്ടു പെണ്മക്കള്‍ ആയിരുന്നെങ്കിലോ, ഒരു ആണ്‍ കുഞ്ഞിനു വേണ്ടി ശ്രമിക്കില്ലേ?  ഞാന്‍ ഈ പറഞ്ഞത്, ആ വ്യക്തിയുടെ സ്വകാര്യതയില്‍ ഉള്ള ഒരു കടന്നു കയറ്റമായി വ്യാഖാനിക്കാം.  അപ്പോള്‍, രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള മാതാ പിതാക്കളെ ശിക്ഷിക്കുക എന്ന് പറഞ്ഞാല്‍, അവരുടെ സ്വകാര്യതയില്‍ ഉള്ള ഒരു കടന്നു കയറ്റം അല്ലെ ?  അദ്ദേഹം ഒരു പക്ഷെ നല്ല വ്യക്തി ആയിരുന്നിരിക്കാം.  പക്ഷെ, ഇത്തരത്തിലുള്ള ഒരു നിയമ നിര്‍മാണം, എന്ത് കൊണ്ടും ശരിയായ ഒരു നടപടിയല്ല.

      കേരളത്തില്‍ ഇന്ന് യുവജനങ്ങളുടെ എണ്ണം നന്നേ കുറവാണ്.  കൃഷ്ണയ്യരെ പോലെ ഉള്ള, വയോജനങ്ങള്‍ ആണ് ഇന്ന് കേരളത്തിലെ ജന സംഖ്യയില്‍ കൂടുതല്‍.  അതിനും പുറമേ, സര്‍ക്കാര്‍ വിരമിക്കല്‍ പ്രായം കൂട്ടിക്കൊണ്ട്, വയോജനങ്ങളെ കൂടുതല്‍ സഹായിക്കുന്നു.  അതിനര്‍ത്ഥം, യുവജനങ്ങള്‍ക്ക്‌ ഒരു തരത്തിലും ഉള്ള സഹായങ്ങള്‍ ഇല്ല.  നാട്ടില്‍ ഒരു ജോലിക്ക് ശ്രമിച്ചാല്‍, വെറുതെ ശ്രമിച്ചു നടക്കാംഎന്നല്ലാതെ എന്താ പ്രയോജനം?  പലയിടത്തും ഈ നിയമത്തെക്കുറിച്ച് പലരും അഭിപ്രായം പറഞ്ഞു.  പക്ഷെ, കൂടുതലും കേരളത്തിനു പുറത്തു നിന്നുള്ളവര്‍.  അവര്‍ എന്ത് കൊണ്ട് കേരളത്തിനു പുറത്തു പോയി എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  അവര്‍ക്ക് എന്തുകൊണ്ട് കേരളത്തില്‍ തന്നെ നിന്നില്ല?  കാരണം, കേരളത്തില്‍ നേരെ ചൊവ്വേ ഒന്നും ചെയ്യാന്‍ ഒക്കാത്ത സ്ഥിതിയാണ്.  രാഷ്ട്രീയവും, സാമൂഹികവും, നിയമപരമായും കുറെ കാരണങ്ങള്‍ ഉണ്ട് അതിന്. 

     നമ്മുടെ നീതി ന്യായ വ്യവസ്ഥകള്‍ ആണ് ആദ്യം മാറേണ്ടത്.  സാധാരണ ജനങ്ങളെ സംരക്ഷിക്കുന്ന നീതി ന്യായ വ്യവസ്ഥകള്‍ കൊണ്ട് വരേണം.  ഒരു ഉദാഹരണം പറഞ്ഞാല്‍, ചെറിയ ഒരു അടി പിടി കേസ് ഉണ്ടായാല്‍, അതിന്‍റെ വിചാരണ വര്‍ഷങ്ങളോളം നീണ്ടു പോകും.  എന്തുകൊണ്ട് അത് വര്‍ഷങ്ങളോളം നീണ്ടു പോകുന്നു?  ഇതൊക്കെ വളരെ വേഗത്തില്‍ തീര്‍പ്പാക്കേണ്ട കാര്യങ്ങള്‍ അല്ലെ?  വളരെ നിസ്സാരങ്ങളായ കാര്യങ്ങള്‍ പോലും, അഞ്ചും പത്തും വര്‍ഷങ്ങള്‍ നീണ്ട വിചാരണകള്‍ നടക്കുന്ന ഈ നാട്ടില്‍, രണ്ടു കുട്ടികളില്‍ കൂടുതല്‍ പാടില്ല എന്ന നിയമം ഉണ്ടാക്കുന്നതിലും ഭേദം, മലയാളികളെ മൊത്തത്തില്‍ വന്ധ്യംകരണം ചെയ്യുന്നതായിരിക്കും നല്ലത്.  

     ഈ അടുത്തിടയ്ക്ക് മലയാള സംവിധായകന്‍ രഞ്ജിത് എഴുതിയ ഒരു ലേഖനം വായിച്ചു.  അതില്‍ അവസാനം രഞ്ജിത്തിനോട് ചോദിക്കുന്നു, നിങ്ങളുടെ നാട്ടിലെ സ്ത്രീകളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു പഞ്ച നക്ഷത്ര വേശ്യാലയം ഉണ്ടാക്കി കൊടുക്കട്ടെ; കൂടെ അതിനൊരു പോലീസ് സംരക്ഷണവും.  ഈ പാവം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മതിയായ സംരക്ഷണം ഉണ്ടാക്കുക എന്നതാണ് കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമ പരിഷ്ക്കരണ സമിതി ചെയ്യേണ്ടത്. അല്ലാതെ ജനന വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന മാതാ പിതാക്കളെ ക്രൂശിക്കുക അല്ല.

നിയമ പരിഷ്കരണ സമിതിയോട് ചിലത്.
  1. ലൈംഗിക ചൂഷണത്തില്‍ നിന്നും സ്ത്രീകളെയും കുട്ടികളെയും നല്ല രീതിയില്‍ സംരക്ഷിക്കാനുള്ള ഒരു നിയമം കൊണ്ട് വരിക. 
  2. സമൂഹത്തിലെ സാധാരണ ജനങ്ങള്‍ക്ക്‌ മതിയായ സംരക്ഷണം ലഭിക്കാനുള്ള നിയമം.
  3. നോക്ക് കൂലി പോലുള്ള പരസ്യമായ പിടിച്ചു വാങ്ങലില്‍ നിന്നും ജനങ്ങള്‍ക്കുള്ള സംരക്ഷണം ഉറപ്പാക്കുക.
  4. ഹര്‍ത്താല്‍, ബന്ദ്‌ മുതലായ പൊതു മുതല്‍ നശിപ്പിക്കല്‍ കലാ പരിപാടികളില്‍ നിന്നും സംരക്ഷണം കൊടുക്കാനുള്ള നിയമം.
  5. പൊതു മുതല്‍ നശിപ്പിച്ചാല്‍, അത് നശിപ്പിച്ചവരില്‍ നിന്നും ( ഏത് രാഷ്ട്രീയ പാര്‍ട്ടി ആയാല്‍ പോലും ) ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ അതിന്‍റെ നഷ്ടപരിഹാരം ഈടാക്കാനുള്ള നിയമം. 
  6. ജന ജീവിതം സുഗമം ആക്കാനുള്ള, നിയമ പരമായ നിര്‍ദ്ദേശങ്ങള്‍.
  7. ഏത് പാതിരാത്രിയിലും സാധാരണക്കാരന് ധൈര്യമായി നടക്കാന്‍ സാധിക്കുന്ന ഒരു സ്ഥലമാണ് കേരളം എന്ന് ഉറപ്പു വരുത്താനുള്ള നിയമം.
  8. കാല താമസം കൂടാതെ കോടതികള്‍ കേസുകള്‍ തീര്‍പ്പാക്കുന്നു എന്ന് ഉറപ്പു വരുത്താനുള്ള നിയമം.
  9. മേല്‍ പറഞ്ഞ നിയമങ്ങള്‍ നടപ്പാക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഒരു നിയമം.
    ഇങ്ങിനെ പറയാന്‍ തുടങ്ങിയാല്‍ ഒരു പാട് ഉണ്ടാകും.  ഒരു പക്ഷെ നിങ്ങള്‍ പറയും, ഇതില്‍ ചിലതിനൊക്കെ നിയമങ്ങള്‍ ഉണ്ട് എന്ന്.  പക്ഷെ അതൊക്കെ ഈ നാട്ടില്‍ നടക്കുന്നുണ്ടോ ?  ഒരു ഹര്‍ത്താലിന്‍റെ എത്രയോ പൊതു മുതല്‍ ആണ് നശിപ്പിക്കുന്നത്.  അത് നശിപ്പിച്ചവന്‍റെ കൈയില്‍ നിന്നും ഈടാക്കിയിട്ടുണ്ടോ?  ഇല്ല. ഇങ്ങിനെയുള്ള കാര്യങ്ങള്‍ക്കാണ് ഈ സമിതി മുന്‍ ഗണന നല്‍കേണ്ടത്.   അല്ലാതെ ഒരു പ്രസവത്തില്‍ ആറു കുഞ്ഞുങ്ങള്‍ ജനിക്കുന്ന മാതാപിതാക്കളെ ശിക്ഷിക്കുക അല്ല.

     ഭാരതത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഏത് പാതിരാത്രിയിലും പെണ്ണുങ്ങള്‍ക്ക്‌ ധൈര്യമായി നടക്കാം.  കാരണം എന്താ?  അവിടെ ധാരാളം വേശ്യാലയങ്ങള്‍ ഉണ്ട് എന്നത് തന്നെ.  ഒരു പക്ഷെ ഇത്തരം സ്ഥാപനങ്ങള്‍ സമൂഹത്തിനു നന്നല്ലായിരിക്കും.  പക്ഷെ അത് മൂലം നിഷ്കളങ്കരായ ഒരു പറ്റം ജീവിതങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.  അതി വേഗം കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ ഇപ്പോഴും നമ്മുടെ നാട്ടില്‍ ഒരു വ്യവസ്ഥയും ഇല്ല.  ഇങ്ങിനെയുള്ള അടിസ്ഥാന പരമായ കാര്യങ്ങളെ നന്നാക്കുന്നതിനുള്ള നിയമങ്ങള്‍ ആണ് കൊണ്ട് വരേണ്ടത്. 

വാല്‍ക്കഷണം:  നരച്ച തലയെ ബഹുമാനിക്കണം എന്നാണ് ചൊല്ല്.  പക്ഷെ, ഒരു ജീവിതം മുഴുവനും ആസ്വദിച്ച് സായാഹ്നത്തില്‍ വിട വാങ്ങാന്‍ നില്‍ക്കുമ്പോള്‍, ഞാന്‍ പോയ വഴിയെ നീയും പോകണം എന്ന് പറഞ്ഞാല്‍ പുതു തലമുറ വഴങ്ങുമോ?  അഭിപ്രായങ്ങള്‍ പറയാന്‍ എല്ലാവര്‍ക്കും ആകും, പക്ഷെ പ്രവര്‍ത്തിയിലോ?

3 comments:

BIG B said...

justice krishna ayyar വെറും just 'ayyar' ആയിക്കൊണ്ടിരിക്കുന്നത് നമ്മള്‍ സമീപ കാലത്ത് കണ്ടു കൊണ്ടിരിക്കയാണ് .മാധ്യമങ്ങള്‍ അദ്ദേഹത്തിന് അമിത പ്രാധാന്യം കൊടുത്ത് വഷളാക്കിയിരിക്കുന്നു .എന്തായാലും പോസ്റ്റ്‌ നന്നായി. താങ്കളുടെ നിര്‍ദേശങ്ങള്‍ ഓരോ മലയാളിയും ആഗ്രഹിക്കുന്ന എന്നാല്‍ ഒരിക്കലും നടക്കാത്ത സ്വപ്‌നങ്ങള്‍ ആയി അവശേഷിക്കാനാണ് സാധ്യത .എന്നാല്‍ വേശ്യാലയങ്ങള്‍ ഉള്ളതിനാല്‍ ആണ്
പെണ്ണുങ്ങള്‍ സ്വതന്ത്രമായി ഇറങ്ങി നടക്കുന്നത് എന്നത് പോലുള്ള ഇക്കിളി വര്‍ത്തമാന തോട് വിയോജിക്കുന്നു.

Unknown said...

മൂന്നു പെൺ കുട്ടികളുടെ പിതാവാണ് ഞാൻ.കുടുങ്ങുമോ ..?

മുഹമ്മദ് ഖാന്‍(യുക്തി) said...

നിയന്ത്രണമില്ലാതെ പെറ്റുപെരുകാന്‍ ആളുകള്‍ തയ്യാറല്ല.വിദ്യാഭ്യാസം,ആരോഗ്യം പാര്‍പ്പിടം തുടങ്ങിയവ ഇടത്തരക്കാരനു പോലും പേടിസ്വപ്നമാണിന്ന്.കൊള്ളുന്നവനേ വേദനയറിയൂ.
അവന്‍ വേണ്ടതു തനിയെ ചെയ്യും.പുത്തന്‍ സെന്‍സസില്‍ ഇത് വായിച്ചെടുക്കാന്‍ സാധിക്കും.

Powered by Blogger.