ഒരു മഴ പെയ്തു തോരുമ്പോള്‍
ഏകദേശം ഒരു വര്‍ഷത്തിനു ശേഷമാണ് ഇതിലെ വരുന്നത്. വരണമെന്ന് പലപ്പോഴും വിചാരിച്ചു, പക്ഷെ മനസ്സിനൊരു മുരടിപ്പായിരുന്നു. എന്താണെന്നറിയില്ല, ഒരു വല്ലാത്ത മുരടിപ്പ്. പലതും മിന്നി മായുന്നു. കുറെ ഏറെ ചിന്തിക്കുന്നു, പക്ഷെ ഒന്നും എഴുതാന്‍ തോന്നുന്നില്ല. എന്തോ, എല്ലാം എന്നില്‍ തന്നെ ഒതുങ്ങി നില്‍ക്കണം എന്നാഗ്രഹിച്ചു. പക്ഷെ, അതൊരു സംഘര്‍ഷം സ്വയം സൃഷ്ടിക്കല്‍ ആയിരുന്നു. പുറം ലോകം കാണാതെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടല്‍..... ഒരു പക്ഷെ സ്വയം സൃഷ്ടിച്ച ഒരു ജയില്‍ മുറി. എല്ലാമുണ്ട്, പക്ഷെ ഒന്നുമില്ല. എല്ലാവരുമുണ്ട്, പക്ഷെ ആരുമില്ല.
നല്ല ഇടിയോടു കൂടിയ ഒരു മഴ കണ്ടു. പക്ഷെ ആസ്വദിച്ചില്ല. ആ കാഴ്ചയില്‍ പലതും തെളിഞ്ഞു വന്നു. എന്തുകൊണ്ട് എല്ലാവരും പറയുന്നു, "മഴ നനയാനെനിക്കിഷ്ടമാണ്, അപ്പോള്‍ നിങ്ങളെന്‍റെ കണ്ണീര്‍ കാണില്ലല്ലോ" എന്ന്? കണ്ണീര്‍ കാണാതിരിക്കാന്‍ എന്തിനു മഴ നനയണം? കുളിക്കുമ്പോള്‍, കുളത്തില്‍ ഒന്ന് മുങ്ങി നിവരുമ്പോള്‍, ഒരു കുടം വെള്ളം തലയില്‍ വീഴുമ്പോള്‍ ഒക്കെയും അങ്ങിനെ ആയിക്കൂടെ? എന്തിനു മഴ തന്നെ വേണം? അതൊരു സാഹിത്യ പ്രയോഗം മാത്രം എന്ന് കരുതിയാല്‍ തെറ്റി. ഒരു മഴ പെയ്യണമെങ്കില്‍ അതിനു ഒരു കാരണം വേണം. ആ കാരണം ആണ് കാര്‍ മേഘം. ഒരു ചെറിയ കാര്‍മേഘം ഇല്ലാതെ ഒരു മഴ ഇല്ല. അത് പോലെയാണ് ഒരു തുള്ളി കണ്ണ് നീര്‍.. ഒരു ചെറിയ കാരണം ഇല്ലാതെ കണ്ണ് നീര്‍ പൊഴിയില്ല. ഒരു മഴ ഇപ്പോള്‍ പെയ്യും എന്ന് പ്രതീക്ഷിച്ചാല്‍ ചിലപ്പോള്‍ സംഭവിക്കില്ല. അതുപോലെയാണ് ദുഖങ്ങളും. ഇതൊന്നും, കുളത്തില്‍ മുങ്ങുംബോഴോ, കുളിക്കുംബോഴോ, ഒരു കുടം വെള്ളം തലയില്‍ കമിഴ്ത്തുംബോഴോ സംഭിവിക്കില്ല.
വിങ്ങി നില്‍ക്കുന്ന മനസ്സ് എപ്പോള്‍ വേണമെങ്കില്‍ പൊട്ടിത്തെറിക്കാം. അല്ലെങ്കില്‍ ഒരു തുള്ളി കണ്ണീരായി ഒഴുകിപ്പോകാം, ആരുമറിയാതെ. ഒരു മഴ പെയ്തു തോര്‍ന്നാലും കാര്‍മേഘം ഉണ്ടാവും, ചിലപ്പോള്‍ മാനം തെളിയും. മനവും അത് പോലെ തന്നെ. ചിലപ്പോള്‍ പെട്ടെന്ന് തെളിയും, ചിലപ്പോള്‍ തെളിയാന്‍ ഇത്തിരി സമയമെടുക്കും. ചിലപ്പോള്‍ ആരും അറിയാതെ ഒന്ന് വിങ്ങി തെളിഞ്ഞു, പൊഴിഞ്ഞു പോകും.
പുറത്തിപ്പോഴും മഴ പെയ്തു കൊണ്ടേയിരിക്കുന്നു. മാനവും തെളിഞ്ഞിട്ടില്ല. അറിയാതെ, പറയാതെ വീണ്ടും ഒരു കാര്‍മേഘം വരികയായോ? ഒന്ന് പെയ്തു തോര്‍ന്നിരുന്നെങ്കില്‍.................................
No comments:
Post a Comment