അക്കരപ്പച്ചകള്‍

     നാടാകെ മാറിയിരിക്കുന്നു.  എല്ലാ വര്‍ഷവും പല തവണയായി നാട്ടില്‍ എത്തുന്നുണ്ടെങ്കിലും; ഓരോ പ്രാവശ്യവും നാട് മാറിക്കൊണ്ടേയിരിക്കുന്നു.  സ്വന്തം നാട്ടില്‍, അന്യനെപ്പോലെ നടക്കേണ്ടുന്ന അവസ്ഥ എന്ന് വേണമെങ്കിലും പറയാം.  കാരണം, തലമുറകള്‍ മാറിപ്പോയിരിക്കുന്നു.  പണ്ട് അറിയാകുന്നവര്‍ പലരും ഒന്നുകില്‍ മണ്‍മറഞ്ഞു അല്ലെങ്കില്‍ പുറത്തോട്ടു ഇറങ്ങാത്ത അവസ്ഥ അതുമല്ലങ്കില്‍ അവരും നാട്ടില്‍ ഇല്ല.  അയല്പക്കങ്ങള്‍ പോലും മാറി.  പല അയല്‍പക്കങ്ങളും ഉള്ളത് വിറ്റു പെറുക്കി ദൂരെ എവിടേക്കോ ഓടിപ്പോയിരിക്കുന്നു.  ഒരു കാര്യം മാത്രം സ്ഥിരമായി നടക്കുന്നു.  കാശുള്ളവന് അത് കുമിഞ്ഞു കൂടുന്നു; ഇല്ലാത്തവന്‍ ഇപ്പോഴും ഇരന്നു നടക്കേണ്ടി വരുന്നു.  

     ഈ മാറ്റങ്ങളില്‍ ശ്രദ്ധേയം ആണ് ഒരു അയല്‍പക്കത്തിന്‍റെ കടന്നു പോക്ക്.  7 സെന്‍റ് സ്ഥലവും, അതില്‍ ഒരു വീടും കടയുമായി; ആ പ്രദേശത്തു ഒരു "അനക്കം" എപ്പോഴും ഉണ്ടാക്കിയിരുന്ന ഒരു അയല്‍.  മക്കള്‍ പലയിടങ്ങളില്‍ പോയി. കട നിന്നു, കുടുംബ നാഥന്‍ മരണപ്പെടുന്നു, മകന്‍ മരണപ്പെടുന്നു പിന്നെ എല്ലാത്തില്‍ നിന്നും ഒരു രക്ഷ പെടല്‍ പോലെ, ഉള്ളത് വിറ്റു പെറുക്കി സ്ഥലം വിടുന്നു. ഇപ്പോള്‍ ആ വീട് ഒരു വാടക കെട്ടിടം ആണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മുംബൈ മഹാ നഗരത്തില്‍, ആറടി സ്ഥലത്തിനു അന്യായ വാടക കൊടുത്തു താമസിക്കേണ്ടി വന്നപ്പോള്‍, നാട്ടിലും ഇതേ പോലെ ഒരു അവസ്ഥ വരുമെന്ന് സ്വപ്നേപി നിരൂപിച്ചില്ല.  ഇപ്പോള്‍ അതിന്‍റെ ഒരു ഉത്തമ ഉദാഹരണം തന്നെയാണ് ആ വീട്.  കുടുസ്സായ കുറെ മുറികളും; അതില്‍ തിങ്ങി പാര്‍ക്കുന്ന കുറെ ജീവിതങ്ങളും. 

     ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിനിടയില്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, സ്വന്തം വീടിനടുത്ത് ഇതേ ശമ്പളത്തില്‍ ഒരു ജോലി കിട്ടിയിരുന്നെങ്കില്‍?  ആഹ!! അത് എപ്പോഴും ഒരു കുളിര്‍ സ്വപ്നമായി അവശേഷിക്കും.  മൈലുകള്‍ അകലെ ഇവിടെ ഇരിക്കുമ്പോഴും, കൂടെ ജോലി ചെയ്യുന്ന, ജോലി സ്ഥലത്തിനടുത്ത് സ്വന്തമായി വീടുള്ളവരെ കാണുമ്പോള്‍ ഇത് തന്നെ ഓര്‍ക്കും.  അവര്‍ എത്ര ഭാഗ്യവാന്മാര്‍!!  നമ്മള്‍ക്കും അതെ പോലെ സാധിച്ചിരുന്നെങ്കില്‍  എന്ന്.  പിന്നീട് ആ വീട്ടിലുള്ളവരെ ഓര്‍ക്കും.  ആ വീട്ടില്‍ താമസിക്കുന്നവരും എന്‍റെ വീടിനെ നോക്കി ഇതേ പോലെ ചിന്തിക്കുന്നുണ്ടാകും, അല്ലെ ?  അവര്‍ നമ്മളെ നോക്കി ഭാഗ്യവാന്മാര്‍ എന്ന് പറയുമ്പോള്‍, നാം മറ്റുള്ളവരെ നോക്കി ഭാഗ്യവാന്മാര്‍ എന്ന് വിളിക്കുന്നു.  അക്കരപ്പച്ചകളെ തേടിപ്പോകുമ്പോള്‍, അരികെ കിടക്കുന്നത് കാണാതെ അല്ലെങ്കില്‍ ഉള്ളതില്‍ തൃപ്തിപ്പെടാത്ത ഒരു നിമിഷാര്‍ധത്തെ മനുഷ്യ ജീവന്‍റെ മോഹങ്ങള്‍.  പലതും വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇങ്ങിനെ കുറെ നഷ്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും. 


No comments:

Powered by Blogger.