എൻ്റെ ജാലക കാഴ്ചകൾ

ലോക് ഡൗണും വർക് ഫ്രം ഹോമും ഒക്കെ ആയി ദിവസങ്ങൾ കടന്നു പോകുമ്പോൾ വളരെക്കാലമായി കാണാതിരുന്ന ചില കാഴ്ചകൾ കാണുവാൻ ഇടയായി.  മനുഷ്യർ ശരിക്കും കൂട്ടിൽ അടക്കപ്പെട്ടതു പോലെ കഴിയുമ്പോൾ, ജീവജാലങ്ങൾ അവരുടെ ലോകം ആസ്വദിക്കുന്ന മനോഹരമായ കാഴ്ച.  മൂന്ന് തരം പക്ഷികളും ഒരു മൃഗവും അവരുടെ ജീവിതം ആസ്വദിക്കുന്ന അതിമനോഹരമായ കാഴ്ച.  

രംഗം 1 - പുതിയ ജീവിതം തുടങ്ങുന്നു.



രണ്ട് തേൻ കുരുവികൾ എന്നും കാലത്തെ വരും, അവർക്ക് ഒരു വീട് പണിയാൻ.  മുൻപ് ആരൊ പണിത്, അവരുടെ കാലം കഴിഞ്ഞ്, ആർക്കും വേണ്ടാതെ, നശിച്ചു പോയ ഒരു വീടിൻ്റെ അവശേഷിപ്പിൽ എന്നും വന്ന് അവർ നോക്കും; ഞങ്ങൾക്ക് അതു ഉപകരിക്കുമോ, ആവോ?  ഒരു പുതിയ ജീവിതം തുടങ്ങാനുള്ള സാമ്പത്തികം അവർക്കില്ലെന്നു തോന്നുന്നു.  കടം വാങ്ങാനും മടി ആണെന്ന് തോന്നുന്നു.  ദിവസവും പുതിയ പ്രതീക്ഷകളൊടെ അവർ വരും, ചിരിച്ച് കളിച്ച് അവർ മടങ്ങും, ഒരു പരിഭവവും ഇല്ലാതെ. അവർ ഒരു ജീവിതം തുടങ്ങുകയാണു.

രംഗം 2 - ഒരു കുടുംബത്തിൻ്റെ തുടക്കത്തിലേക്ക്

ഇരട്ടത്തലച്ചി ഇണകൾ നോക്കി നോക്കി നടന്ന് അവസാനം സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തി.  കൂട് വച്ച്, മുട്ട ഇട്ടു.  എന്നും രാവിലെ ആൺ കിളി വരും, പെൺ കിളിയുടെ വിശേഷം അറിയാൻ.  കഴിയുമെങ്കിൽ ദിവസം മുഴുവനും കൂട്ടിരിക്കും.  പെൺകിളി ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ആരേലും വരുന്നുണ്ടോ എന്ന് നോക്കി കാവലോടെ, കരുതലോടെ കൂട്ടിരിക്കും.  അവർ ഒരു കുടുംബം ഒരുക്കുകയാണു, പുതിയ ആളെ വരവേൽക്കാൻ, പുതിയ ജീവിത തലത്തിലേക്ക് മുന്നേറാൻ.

രംഗം 3 - പിച്ച വയ്ക്കൽ

ഓലാഞ്ഞാലിയും കുടുംബവും ദിവസേന ഒരു സന്ദർശനം നടത്തും, അവരുടെ കുഞ്ഞുമായി.  കുഞ്ഞിനെ ഒരിടത്തിരുത്തി, അവർ കാണിച്ചു കൊടുക്കും, എങ്ങിനെ ഭക്ഷണം കണ്ടെത്തണം, എങ്ങിനെ കഴിക്കണം എന്നൊക്കെ.  ഭക്ഷണം വാരിക്കൊടുക്കുന്നതും, കഴിപ്പിക്കുന്നതും,  അച്ഛൻ കിളി സുരക്ഷ ഒരുക്കും.  അമ്മക്കിളി സ്നേഹവും കരുതലും കൊണ്ട് കുഞ്ഞു കിളിയെ കഴിപ്പിക്കും.  

രംഗം 4 - കുടുംബ വിനോദങ്ങൾ

വെയിൽ മൂക്കുന്നതിനും മുന്നെ, വെയിലാറുമ്പോഴും കീരിയും കുഞ്ഞുങ്ങളും ഇറങ്ങും, ഓടി ചാടി കളിക്കാൻ.  ഒരു ഒന്നൊന്നര മണിക്കൂർ ഇവിടെ കിടന്നു കളിച്ച്, വെയിൽ മൂക്കുമ്പോൾ അവർ അനുസരണയോടെ വീട്ടിൽ കയറും. അവർ അവരെ മാത്രം ശ്രദ്ധിച്ച്, എന്നാൽ പരിസരത്തെക്കുറിച്ച് നല്ല ബോധത്തോടെ ആയിരിക്കും നടക്കുന്നതും ഓടുന്നതും എല്ലാം.  മനുഷ്യരുടെ എന്തെങ്കിലും അനക്കം ശ്രദ്ധിച്ചാൽ അവർ പതിയെ അവിടെ നിന്നു പൊയ്ക്കളയും. 

വാലറ്റം

ഇവർക്ക് ചുറ്റിലും കിടക്കുന്ന ഒരുപാട് മനുഷ്യർ ഉണ്ട്, അവനവനെ നോക്കാതെ, അവനവൻ്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ കാണാതെ, മറ്റുള്ളവരുടെ കൊതിയും നുണയും പറഞ്ഞ് വിലപ്പെട്ട സമയങ്ങൾ നഷ്ടപ്പെടുത്തുന്നവർ.  പ്രകൃതി നൽകുന്ന മനോഹരമായ ഒരു പാഠം.

No comments:

Powered by Blogger.