സ്വപ്നം, സ്വപ്നസമാനം

          "അമ്മേ, ഞാൻ ഇന്നൊരു സ്വപ്നം കണ്ടു."  "എന്താ മോനെ, കേൾക്കട്ടെ."  "സ്വപ്നത്തിൽ ഞാനൊരു വലിയ ആളായി, അമ്മെ".  "ആഹാ, കൊള്ളാല്ലോ.  നീ
പറയ്".


രംഗം 1 

    ഒരു കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്.  അതിന് മുൻപിൽ ഒരു കായലോ, നടിയോ എന്തോ ഉണ്ട്.  ഒരു തീരപ്രദേശത്തെ വലിയ തിരക്കില്ലാത്ത ഒരു സ്ഥലം. അവിടെ കുറച്ചു ആൾക്കാർ ബസ് കാത്തു നിൽപ്പുണ്ട്. ഒന്നോ രണ്ടോ ബസ് മാത്രം സ്റ്റാൻഡിൽ.

     ഒരു ബസ് പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു.  വനിതാ ബസ് ആണെന്ന് തോന്നുന്നു. ഡ്രൈവർ, കണ്ടക്ടർ, ഭൂരിഭാഗം യാത്രക്കാർ ഉൾപ്പടെ വനിതകൾ തന്നെ.  പെട്ടെന്നൊരു സമരം എവിടെ നിന്നോ പൊട്ടിപ്പുറപ്പെടുന്നു. സമര നേതാവ് ഒരു ഭാഗത്ത് നിന്ന് പ്രസംഗിക്കുന്നു. "ഞങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് സമരം. ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല", എന്നൊക്കെ.  കേട്ടപ്പോൾ ഞാൻ മനസ്സിൽ ഓർത്തു "ആവൂ സമാധാനമായല്ലോ, ബസ് ഒടുമല്ലോ".  

     ഈ വനിതാ ബസിൽ ഡ്രൈവർ കയറിയപ്പോൾ ഒരു കൂട്ടം സമരാനുഭാവികൾ അതിനടുത്തേക്കു പോയി.  സംഭവം പന്തിയല്ല എന്ന് തോന്നിയ ഞാൻ നേരെ ബസിന്റെ വാതിലിനു അരികിൽ ചെന്ന് വലിയ ഹീറോയെപ്പോലെ അവരെ തടയുന്നു.  അവർ എനിക്ക് രണ്ടടിയും തന്ന് വണ്ടിയിൽ കയറി പ്രസംഗിക്കുന്നു.  "നിങ്ങൾ സഹകരിക്കണം, ഈ സമരം വിജയിപ്പിക്കണം".  അപ്പോൾ ആരോ പറഞ്ഞു, "നിങ്ങളുടെ നേതാവ് ഇപ്പോൾ പറഞ്ഞല്ലോ, ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ അല്ല എന്ന്".  അപ്പോൾ ഒരു സമരാനുഭാവി വന്ന് പറഞ്ഞയാളെ വിരട്ടി.  

       അടികൊണ്ട് മാനം പോയി നിന്ന എനിക്ക് ഇതൊക്കെ കണ്ടപ്പോൾ നല്ല ദേഷ്യം വന്നു.  ഇവന്മാരെ ഒക്കെ ശരിയാക്കിയിട്ടു തന്നെ കാര്യം.  പെട്ടെന്ന് എനിക്ക് എന്തോ ഒരു ശക്തി കിട്ടിയപോലെ.  ബസിൽ ഘോരം പ്രസംഗിച്ചു ഭീഷണിപ്പെടുത്തിയ നേതാവിന്റെ സ്വഭാവം പെട്ടെന്ന് മാറി.  ആർക്കും ഒന്നും മനസ്സിലായില്ല.  സൗമ്യതയോടെ ഡ്രൈവറോട് പറഞ്ഞു, "ചേച്ചീ വണ്ടി എടുത്തോളൂ.  ആരെങ്കിലും എന്തെങ്കിലും പ്രശനം ഉണ്ടാക്കിയാൽ വിളിച്ചോളൂ".  അണികൾ ആകെ അദ്‌ഭുതരായി.  സമരക്കാരെ ഇറക്കി ബസ് അതിന്റെ വഴിക്കു പോയി.  അത് കണ്ട ഒരു കള്ളുകുടിയൻ പറഞ്ഞു "നന്മ ഭൂതം കയറി".  

     "എന്താ നേതാവേ, എന്താ പറ്റിയത്.  ഇങ്ങനെ അല്ലല്ലോ ഇത്തിരി മുന്നേ പറഞ്ഞത്".  നേതാവ് എനിക്കറിയില്ല എന്താ പറ്റിയത് എന്ന് പറഞ്ഞു തലയിൽ കൈവച്ചിരിപ്പായി.  പെട്ടെന്ന് നേതാവിന്റെ സ്വഭാവം പഴയ പോലെ ആയി.  ആരോ പറഞ്ഞു നേതാവിനെ വേദിയിൽ വിളിക്കുന്നു, പ്രസംഗിക്കാൻ.  

     വേദിയിൽ പ്രസംഗ പീഠത്തിൽ കയറിയ നേതാവ്, "നമ്മൾ മറ്റുള്ളവർക്ക് നന്മ മാത്രമേ ചെയ്യാവൂ.  കണ്ടില്ലേ, ഞങ്ങൾ സമരം നടത്തിയാലും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടോ?"  വേദിയിൽ ഇരുന്ന മറ്റു നേതാക്കൾ അദ്‌ഭുതപ്പെട്ടു.  ഇവൻ എന്താ ഈ പുലമ്പുന്നത്.  നമ്മുടെ അജണ്ട ഇതല്ലല്ലോ.  ഒരു വിധത്തിൽ നേതാവിനെ പിടിച്ചു മാറ്റി, അടുത്ത ആൾ പ്രസംഗിക്കാൻ വന്നു.  അപ്പോഴും ഇതേ അവസ്ഥ.  അങ്ങനെ ആ സമരം പൊളിഞ്ഞു.  

'അമ്മ:  "ആഹാ, കൊള്ളാല്ലോ!!"

"തീർന്നില്ല, ഇനിയും ഉണ്ടേ"

"ഉവ്വോ, എങ്കിൽ കേൾക്കട്ടെ"


രംഗം 2 

     പിറ്റേ ദിവസത്തെ പ്രാദേശിക പത്ര-ദൃശ്യ മാധ്യമങ്ങളിൽ ഇതൊരു വലിയ ചർച്ചയായി.  ആ പ്രദേശത്തെ പ്രാദേശിക നേതൃത്വം ഇതിനെ ഒന്ന് മറികടക്കാൻ തീരുമാനിച്ചു.  പക്ഷെ രക്ഷപ്പെട്ടില്ല.  ആ പാർട്ടിയെ മൊത്തം ഈ "നന്മ ഭൂതം" പിടിച്ചു.  എന്ത് പറഞ്ഞാലും, ചെയ്താലും നല്ലതേ വരൂ.  എതിർ പാർട്ടിക്കാർ കളിയാക്കാനും, അതെ സമയം അസൂയപ്പെടാനും തുടങ്ങി.  പക്ഷെ അവരെയും വിട്ടില്ല.  അവർക്കും ഇത് തന്നെ സംഭവിച്ചു. 

  മുതിർന്ന നേതാക്കൾ വിളിച്ചു.  ആ ദേശം വിട്ട് വേറെ എങ്ങോട്ടു പോയാലും കുഴപ്പമില്ല.  ആ ദേശത്തു എന്ത് പറഞ്ഞാലും പ്രവർത്തിച്ചാലും മറ്റുള്ളവർക്ക് നന്മ മാത്രമേ കിട്ടൂ.  അഴിമതിക്കാരായ രാഷ്ട്രീയക്കാർക്ക് ഇതങ്ങോട്ടു പിടിക്കാതെ ആയി. അവരെ മാത്രമല്ല, പത്ര മാധ്യമങ്ങളെയും ഇത് ബാധിച്ചു.  കള്ളവാർത്തകൾ പടച്ചു വിട്ടാലും, അവിടെ നല്ലതു മാത്രമേ അച്ചടിച്ച് വരൂ, കാണുകയുള്ളൂ.  

     ഒരിക്കൽ ഒരു നേതാവ് വന്നു, എന്തോ പരിപാടിക്ക്.  അത്യാവശ്യം അഴിമതിയിൽ വെള്ള തേച്ചു നടക്കുന്ന ആൾ.  പ്രസംഗത്തിന് എഴുന്നേറ്റ് കൈ കൂപ്പി.  നേതാവ് പറയുന്ന കാര്യങ്ങൾ വേദിയിലെ ബാനറിൽ തെളിഞ്ഞു വരാൻ തുടങ്ങി, വലിയ അക്ഷരത്തിൽ.  നേതാവ് വിചാരിച്ചു, ഇത് കൊള്ളാമല്ലോ.  അങ്ങിനെ അദ്ദേഹം പ്രസംഗം തുടർന്നു.  നുണകൾ തിരുകി കയറ്റാൻ തുടങ്ങിയപ്പോൾ സത്യാവസ്ഥ അതിൽ തെളിഞ്ഞു വന്നു.  നേതാവ് വിയർത്തു വണ്ടിയിൽ കയറി സ്ഥലം വിട്ടു.  വണ്ടി ആ ദേശം വിടുന്നത് വരെ, ഞാനൊരു അഴിമതിക്കാരൻ എന്ന് വണ്ടിയിൽ തെളിഞ്ഞു വന്നു.  

     രാഷ്ട്രീയക്കാർക്ക് ആ നാട്ടിൽ പോകാൻ ഭയമായി.  പ്രാദേശിക ഭരണകൂടത്തിന് കള്ളത്തരങ്ങൾ ചെയ്യാൻ പറ്റാതെയായി.  പല കള്ളത്തരങ്ങളും പോലീസും നാട്ടുകാരും കണ്ടുപിടിച്ചു.  

     പത്രങ്ങളിൽ ഇപ്പോൾ നല്ല വാർത്തകൾ മാത്രമേ വരൂ.  അതുകൊണ്ട് ജനങ്ങൾ പത്രങ്ങളെ ഇഷ്ടപ്പെടാൻ തുടങ്ങി.  മുൻപ് അങ്ങിനെ അല്ലായിരുന്നു.  മോശം വാർത്തകൾ കാരണം ആരും അവിടെ പത്രങ്ങൾ വാങ്ങാറില്ലായിരുന്നു.  ഇപ്പോൾ പ്രാദേശിക തലത്തിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ വിൽക്കുന്നത് അവിടെയാണ്.  

     മറ്റുദേശങ്ങളിലെ ജനങ്ങൾക്ക് ഇവിടുത്തെപ്പോലെ എന്തുണ്ട് അവിടെയും ആയിക്കൂടാ എന്ന് ചിന്തിക്കാൻ തുടങ്ങി.  അങ്ങിനെ ഒരു മാറ്റത്തിന്റെ തുടക്കം കുറിച്ചു.

നേരവും വെളുത്തു, ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു. എന്ത് സുന്ദരമായ, നടക്കാത്ത സ്വപ്നം. അല്ലെ ?

No comments:

Powered by Blogger.