നൊമ്പരമായ്

നീണ്ട ഒരു ഇടവേളയ്ക്കു ശേഷം അവളുടെ ശബ്ദം കേള്‍ക്കുവാന്‍ ഇടയായി.  ഫ്ലോറ, അതായിരുന്നു അവളുടെ പേര്‍.  പൂക്കളെ പോലെ ഭംഗിയുള്ള, മൃദുവായ സ്വഭാവത്തിനുടമ. ആരെയും വേദനിപ്പിക്കാന്‍ ഇഷ്ടപ്പെടാത്ത, ആരും വേദനിക്കുന്നത് കാണാന്‍ ഇഷ്ടമല്ലാത്ത, സ്വന്തം ദുഃഖങ്ങള്‍ ആരെയും അറിയിക്കാത്ത വ്യക്തിത്വം.  രണ്ടു അനിയത്തിമാര്‍ക്കും ഒരു ആങ്ങിളക്കും മാതൃകയായുള്ള ഒരു ചേച്ചി.  ഓഫീസിലെ ഭാരിച്ച ജോലികളും, വീട്ടിലെ ജോലി ഭാരവും അവളെ തെല്ലും അലട്ടാറില്ല.  എല്ലാം സ്വയം ഏറ്റെടുത്തു, വളരെ ഭംഗിയായി ചെയ്തു തീര്‍ക്കും, ആര്‍ക്കും, ആരോടും ഒരു പരാതിയില്ലാതെ.

ജോലി സംബന്ധമായ ഒരു യാത്രക്കിടയിലാണ് ഞാന്‍ അവളെ പരിചയപ്പെടുന്നത്.  പിന്നീട് അത് നല്ലൊരു സൌഹൃദമായി പരിണമിച്ചു.  മിക്കവാറും ദിവസങ്ങളില്‍ ഞങ്ങള്‍ സംസാരിക്കും.  പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും ഞങ്ങളുടെ സംസാരത്തില്‍ വന്നു ചേരും.  പല ദിവസങ്ങളിലും മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കാറുണ്ട്.  കാണുന്നവര്‍ പറയും, അവര്‍ തമ്മില്‍ സ്നേഹത്തിലാണ്.  അതെ സ്നേഹത്തിലാണ്, പക്ഷെ സുഹൃദ് ബന്ധം എന്നതിലുപരി മറ്റൊന്നും ഇല്ല.  അതിനപ്പുറത്തേക്ക് ഞങ്ങള്‍ ചിന്തിച്ചിട്ട് കൂടി ഇല്ല.  ആ ഒരു പരിധി ഭേദിക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെട്ടിട്ടും ഇല്ല.  എന്നെപ്പറ്റി അവളുടെ വീട്ടുകാരോടും, അവളെ പറ്റി എന്‍റെ വീട്ടുകാരോടും വ്യക്തമായി പറഞ്ഞിട്ടുണ്ട്.  രണ്ടു വീട്ടുകാരും ഒരേ ചോദ്യം ചോദിച്ചു; നിങ്ങള്‍ വെറും സുഹൃത്തുക്കളോ, അതോ മറ്റെന്തെങ്കിലും?  ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരേ ഉത്തരമായിരുന്നു.  നല്ല സുഹൃത്തുക്കള്‍.  

പലപ്പോഴും അവളുടെ സംസാരത്തില്‍ നിന്ന് ഞാന്‍ ഊഹിച്ചെടുക്കുമായിരുന്നു, അവളുടെ ഉള്ളിലുള്ള ദുഖങ്ങളെ.  ഒരു പരിധി വരെ അതിനൊക്കെ ഒരു ഉപാധി കണ്ടെത്തിക്കൊടുക്കാന്‍ സാധിച്ചിട്ടുമുണ്ട്.  അല്ലെങ്കില്‍ കുറെ ആശ്വാസ വചനങ്ങള്‍ ചൊല്ലി ധൈര്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്.  ക്രമേണ, ചോദിക്കാതെ തന്നെ ഇങ്ങോട്ട് പറയുവാനുള്ള ധൈര്യം അവള്‍ക്കുണ്ടായി.  ഒരു യഥാര്‍ത്ഥ സുഹൃത്തിന്‍റെ കടമ നിര്‍വഹിക്കാനുള്ള അവസരം പലപ്പോഴും സാധിച്ചിട്ടുണ്ട്.  

ഒരിക്കല്‍ അവളുടെ നഗരത്തിലേക്ക് ജോലി സംബന്ധമായ ഒരു ദ്വിദിന സന്ദര്‍ശനത്തിനു അവസരം ലഭിച്ചു.  ആദ്യ ദിനം രാത്രി ഭക്ഷണത്തിന് അവളുടെ ഒരു സുഹൃത്ത്‌ ക്ഷണിച്ചു.  ആ നഗരം ചുറ്റി കാണിക്കാന്‍ അവന്‍ നന്നേ ശ്രമിച്ചു.  ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞു പിരിഞ്ഞു.  രണ്ടാം ദിനം, അവളുടെ വീട്ടില്‍ ആയിരുന്നു ഭക്ഷണം.  അവളുടെ മാതാ-പിതാക്കളെ കാണാനും പരിചയപ്പെടാനും സാധിച്ചു.  അതവര്‍ക്കും ഒരു നല്ല അഭിപ്രായം സൃഷ്ടിക്കാന്‍ സാധിച്ചു.  ഞങ്ങള്‍ ഒരുമിച്ചു എന്‍റെ പല സുഹൃത്തുക്കളെയും കാണുവാന്‍ പോയി.  അന്ന് നേരിട്ട് ഞാന്‍ ഒരു കാര്യം പറഞ്ഞു;  നിന്‍റെ വിവാഹശേഷം നിനക്ക് കുറെ കഷ്ടപ്പാടുകള്‍ ഉണ്ടാകും.  എപ്പോള്‍, എങ്ങിനെ, എന്ത് എന്നെനിക്കറിയില്ല.  ശരിക്കും മാനസികമായി നീ തളരും; അതിനെ നേരിടാനുള്ള കരുത്തുകള്‍ ആവാഹിക്കുക.  

കുറെ നാളുകള്‍ക്കു ശേഷം, ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു, വിവാഹം നിശ്ചയിക്കാന്‍ പോകുന്നു.  ആകാംഷയോടെ ഞാന്‍ ചോദിച്ചു, ആരാണ് അത്?  കാത്തിരുന്നു കാണൂ.  അവളുടെ സുഹൃത്തായി ആകെ ഞാന്‍ പരിചയപ്പെട്ടത്‌ അവനെ മാത്രം.  പക്ഷെ അവന്‍ അവള്‍ക്കു പറ്റിയ ഒരു പയ്യനല്ല.  മധുരമായി സംസാരിക്കും, പക്ഷെ ഉള്ളില്‍ മറ്റെന്തോ ആണ്.  വേറെ ആരും ആവാന്‍ വഴിയില്ല.  പക്ഷെ, ഇവര് രണ്ടു പേരും രണ്ടു ജാതി ആണ്.  അവള്‍ അങ്ങിനെ വേറെ പോയി കെട്ടുമോ?  പലപ്പോഴും അവളോട്‌ ചോദിച്ചിട്ടുള്ള ഒരു കാര്യമാണ്, ആരെയെങ്കിലും ഇഷ്ടമുണ്ടോ എന്ന്?  അപ്പോഴൊക്കെ പറയും, വീട്ടുകാര്‍ നിശ്ചയിക്കും, വിവാഹം.  ക്ഷണക്കത്ത് കിട്ടിയപ്പോള്‍ ശരിക്കും ഞെട്ടി.  അതവന്‍ തന്നെ.  ചോദിച്ചപ്പോള്‍, അങ്ങിനെയൊക്കെ സംഭവിച്ചു എന്നൊരു മന്ദഹാസം നിറഞ്ഞ ചിരിയോടെ.  ആ ചിരിയില്‍ എന്തായിരുന്നു?  അറിയില്ല.  നേരെത്തെ ആളെ അറിയിക്കാതിരുന്നതില്‍ നല്ല വിഷമം ഉണ്ടായി.  എങ്കിലും എല്ലാ വിധ ആശംസകളും നേര്‍ന്നു.  

വിവാഹ ശേഷം വളരെ അപൂര്‍വമായി മാത്രം സംസാരിച്ചിരുന്നു.  പിന്നീട് അതും നിന്ന്.  പെണ്‍കുട്ടിയല്ലേ, ഭര്‍ത്താവിനെയും വീട്ടുകാരെയും അനുസരിക്കെണ്ടേ?  ഉത്തരവാദിത്തങ്ങള്‍ ധാരാളം വരില്ലേ എന്നൊക്കെ ചിന്തിച്ചു.  വളരെ അപൂര്‍വമായി മറുപടികള്‍ മെയില്‍ വഴി വന്നു.  പലപ്പോഴും, ചാറ്റില്‍ കാണാമെങ്കിലും മറുപടി വരാറില്ല.  അവള്‍ക്ക് ഒരു പെണ്‍കുഞ്ഞു ജനിച്ചു.  അപ്പോള്‍ കൂടുതല്‍ തിരക്കായി.  ജോലി, വീട്, കുഞ്ഞ്, തിരക്കുകള്‍ വര്‍ധിക്കുകയായി.  അങ്ങിനെയിരിക്കെ ഇതാ വരുന്നു, അവളുടെ ചോദ്യം, ഫ്രീ ആണോ?  നീണ്ട ഒരു ഇടവേളയ്ക്കു അങ്ങിനെ വിരാമം ആയി.  

പലതും സംസാരിച്ചു, കൂടുതലും അവളുടെ കുടുംബ ജീവിതത്തെക്കുറിച്ചായിരുന്നു.  അങ്ങോട്ട്‌ ചോദിക്കേണ്ടി വന്നില്ല, അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു.  കുഞ്ഞ് ജനിക്കുന്നത് വരെ എല്ലാം ഭംഗിയായി പോയി.  ഇപ്പോള്‍ ഭര്‍ത്താവിനു അയാളുടെ അമ്മ പറയുന്നത് മാത്രം കാര്യം.  കുഞ്ഞിനു എന്നും അസുഖം.  ഭര്‍ത്താവിന്‍റെ അമ്മയോ, മരുമകളെ കാണുമ്പോള്‍ ക്ഷീണം, അസുഖം.  മരുമകളും കുഞ്ഞും ഇല്ലെങ്കില്‍ അണിഞ്ഞൊരുങ്ങി പോകും.  കുഞ്ഞിനെ നേരാം വണ്ണം അവര്‍ നോക്കില്ല.  അവളും ഭര്‍ത്താവും ജോലിക്ക് പോയാല്‍, കുഞ്ഞിന്‍റെ കാര്യം അവര്‍ നോക്കാറെ ഇല്ല. വേലക്കാരി കൂടി ചോദിച്ചു പോലും, ഇങ്ങിനെയുണ്ടോ അമ്മമാര്‍?  പാവം കുഞ്ഞ്, ദിവസത്തിന് ദിവസത്തിന് ക്ഷീണിച്ചു വരുന്നു, അസുഖവും.  ഭര്‍ത്താവ് പറയും, "നിനക്കൊരു വിചാരം ഉണ്ട്, എന്‍റെ അമ്മക്ക് കുഞ്ഞിനെ നോക്കാന്‍ അറിയില്ല.  നിന്‍റെ അമ്മക്ക് മാത്രമേ അതിനുള്ള കഴിവുള്ളൂ".  ഇങ്ങിനെ പാവം കുഞ്ഞിനെ ചൊല്ലി എന്നും വഴക്കുകള്‍.  ജോലി ഭാരം, വീട്ടിലെ സ്ഥിതി എല്ലാം കൂടി ആ പാവത്തിനെ വല്ലാതെ കുഴക്കുന്നു.    ഞാന്‍ ചോദിച്ചു, ഇത്രയും പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ ഒന്ന് പറഞ്ഞു കൂടെ?  അവള്‍ പറഞ്ഞു, നിന്നെ കൂടി ഇനി ഞാന്‍ ബുദ്ധിമുട്ടിക്കണോ?  നിന്നെ വിളിക്കണം എന്നാഗ്രഹം ഉണ്ട്, പക്ഷെ അത് കൂടി ഒരു പ്രശ്നം ആകേണ്ട.  അവള്‍ക്ക് ശരിക്കും മനസ്സ് തുറന്നു സംസാരിക്കണം എന്നുണ്ട്, പക്ഷെ എന്തോ ഒരു മടി പോലെ.  ഞാന്‍ പറഞ്ഞു, ഓഫീസില്‍ ഇന്ന് പണി ഇല്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ വിളിക്കാം.  ഒരു പത്തു മിനിറ്റു കഴിഞ്ഞു വിളിക്കാന്‍ പറഞ്ഞു. 

ഓഫീസില്‍ ആരും അറിയരുതല്ലോ അവളുടെ ഈ പരിതാപകരമായ അവസ്ഥ.  പത്തു മിനിറ്റു കഴിഞ്ഞു ഞാന്‍ വിളിച്ചു.  ഏതാണ്ട് ഒരു മണിക്കൂര്‍ നേരം ഞങ്ങള്‍ സംസാരിച്ചു.  പാവം, അവളുടെ ഭര്‍ത്താവിന്‍റെ അവഗണനയും, അമ്മായി അമ്മയുടെ പെരുമാറ്റവും കുഞ്ഞിനെ ശരിക്കും ബാധിക്കുന്നു; അവളുടെ മനസ്സിനെയും.  ഒരു സമയത്ത് അവള്‍ ഈ ബന്ധം വേര്‍ പെടുത്തിയാലോ എന്ന് ചിന്തിക്കുക കൂടി ചെയ്തു.  പക്ഷെ കുഞ്ഞിനെ ഓര്‍ത്തു അത് ചെയ്യുന്നില്ല.  വേറെ മാറി താമസിക്കാം എന്ന് വിചാരിച്ചാല്‍ ഭര്‍ത്താവ് സമ്മതിക്കില്ല.  ഒരു മാസം വെറുതെ സമയം ചിലവാക്കി കുറെ വീടുകള്‍ പോയി കണ്ടു.  പക്ഷെ എന്തെങ്കിലും ഒഴിവു കഴിവുകള്‍ പറഞ്ഞു അയാള്‍ അത് മുടക്കും.  അവള്‍ക്ക് മനസ്സിലായി, അയാള്‍ക്ക്‌ വേറെ മാറി താമസിക്കാന്‍ താല്പര്യം ഇല്ല എന്ന്.  കുഞ്ഞിന്‍റെ കാര്യം ദിവസം പ്രതി കഷ്ടത്തില്‍ ആകുന്നു.  അയല്‍വാസികള്‍ പറഞ്ഞു, കുഞ്ഞിനു എന്തെങ്കിലും അസുഖം വന്നാല്‍, ഈ അമ്മായി അമ്മ അവരോടു പോയി ചോദിക്കും, എന്താ ചെയ്യേണ്ടിയതെന്ന്.  അവര്‍ തന്നെ ചോദിക്കുന്നു; രണ്ടു മക്കളെ വളര്‍ത്തിയ നിങ്ങള്‍ക്കറിയില്ലേ കുഞ്ഞ് പിള്ളേര്‍ക്ക് അസുഖം വന്നാല്‍ എന്ത് ചെയ്യേണം എന്ന്?  അവര്‍ക്ക് മുഴുവന്‍ സമയം ടി വി കാണലും, കറങ്ങി നടക്കലും മാത്രം.  വീട്ടില്‍ വച്ച് കഴിപ്പ്‌ തീരെ കുറവ്.  മിക്കവാറും പുറത്തു നിന്ന് തന്നെ.  ഈ പാവം കുഞ്ഞിനേയും അത് ശീലിപ്പിക്കുന്നു.  അതിനു പാലും മറ്റു പോഷക ആഹാരങ്ങളും കൊടുക്കേണ്ട സമയത്ത്, ചിപ്സ്, പെപ്സി പോലുള്ള ആഹാരങ്ങള്‍ തിരുകി കയറ്റുന്നു.  അവളോട്‌ എനിക്ക് വല്ലാത്ത സഹതാപം തോന്നി.  പണ്ട് ഞാന്‍ പറഞ്ഞത് അതെ പടി സംഭവിക്കുന്നല്ലോ എന്നോര്‍ത്ത് സങ്കടം വന്നു.  അവളും പറഞ്ഞു, പണ്ട് നീ പറഞ്ഞത് അതെ പോലെ തന്നെ.  അവള്‍ ശരിക്കും മനസ്സ് തുറക്കുകയായിരുന്നു. 

എന്താ ഇതിനൊരു പരിഹാരം?  അവള്‍ ജോലി ഉപേക്ഷിച്ചു കുഞ്ഞിനെ നോക്കൂ എന്ന് പറയാന്‍ കഴിയില്ല.  ഭര്‍ത്താവ് ഇപ്പോഴേ അവളെ അവഗണിക്കുന്നു എങ്കില്‍, സ്വന്തം കാലില്‍ നില്‍കാന്‍ അവള്‍ക്ക് ജോലി വേണം.  പിന്നെ എന്ത്?  പറ്റുമെങ്കില്‍ ഒരു നീണ്ട അവധി എടുത്തു, കുഞ്ഞിനെ നോക്കാന്‍ പറഞ്ഞു.  സ്കൂളില്‍ പോകുന്ന പരുവം ആകൊമ്പോഴേക്കും തിരികെ ജോലിയില്‍ പ്രവേശിക്കാം.  കുഞ്ഞിന്‍റെ കാര്യവും നടക്കും, ജോലിയും കൈയിലുണ്ട്.  കുഞ്ഞിനെ ഓര്‍ത്തു, ബന്ധം വേര്‍പെടുത്തരുത്.  അത് പിന്നീട് ദോഷം ചെയ്യും.  അതിനു ഇപ്പോള്‍ അച്ഛനെയും അമ്മയെയും ഒരു പോലെ ആവശ്യം ഉണ്ട്.  അവളും അത് തന്നെയാണ് ചിന്തിച്ചത്.  ഞാന്‍ പറഞ്ഞു, രണ്ടാണ്‍മക്കളെ  പോറ്റി വളര്‍ത്തിയ അവര്‍ക്ക്, ഒരു മകളുടെ ദുഃഖം കാണാന്‍ കഴിയില്ല. പെണ്‍മക്കളില്ലാത്ത മിക്കവാറും അമ്മമാര്‍ ഏതാണ്ട് ഇതുപോലൊക്കെ ചെയ്യാറുണ്ട്. വീട്ടില്‍ ഒരു പെണ്‍ കുഞ്ഞ് ഇല്ലാത്തതിന്‍റെ കുറവാണ്. അവര്‍ക്ക് ഇനി ഒരു മകന്‍ കൂടി ഉണ്ടല്ലോ, പെണ്ണ് കെട്ടാന്‍.  രണ്ടാമത്തെ മരുമകള്‍ വരുമ്പോള്‍ ചിലപ്പോള്‍ അവരെ വരച്ച വരയില്‍ നിറുത്തും.  നമ്മളായിട്ട് ഒരു പ്രശ്നങ്ങളും ഉണ്ടാക്കരുത്.  തല്‍കാലം എല്ലാം സഹിക്കുക.  എല്ലാത്തിനും ഒരു സമയം ഉണ്ട്.  പിന്നെ എല്ലാത്തിലും ഉപരി, ദൈവം ഇതെല്ലാം കാണുന്നുണ്ട്.  നിനക്ക് സഹിക്കാന്‍ പറ്റുന്ന അവസ്ഥയെ ഇപ്പോള്‍ ഉള്ളൂ.  സമയം വരുമ്പോള്‍ ദൈവം തക്കതായ മറുപടി കൊടുക്കും.  അതുവരെ കുഞ്ഞിന്‍റെ കാര്യങ്ങള്‍ സ്വയം നോക്കാന്‍ ശ്രമിക്കുക.  ഇതൊരു നല്ല മറുപടി അല്ല, എങ്കിലും അവളും അത് സമ്മതിച്ചു.  ബന്ധം വേര്‍പെടുത്തിയാല്‍ തകരുന്നത്, പാവം കുഞ്ഞിന്‍റെ ജീവിതം ആണ്. സമയം വരുന്നത് വരെ സഹിക്കുക തന്നെ.  കുറെ സംസാരിച്ചപ്പോള്‍ അവള്‍ക്കും ഒരു ആശ്വാസം ഉണ്ടായത് പോലെ.  ഞാന്‍ പറഞ്ഞു, ഏതു സമയത്തും എന്താവശ്യം ഉണ്ടെങ്കിലും അറിയിക്കുക.  ചെയ്യാവുന്ന സഹായങ്ങള്‍ ഒക്കെ ചെയ്യാം.  പിന്നെ, എനിക്ക് ബുദ്ധിമുട്ട് ആകുമെന്ന് ഒട്ടും കരുതേണ്ട.  സുഹൃത്തിനെ ആവശ്യത്തില്‍ സഹായിച്ചില്ലെങ്കില്‍, പിന്നെ ഞാന്‍ നിന്‍റെ സുഹൃത്ത്‌ ആണോ ?


ദൈവമേ, എല്ലാം താങ്ങുവാനുള്ള കരുത്ത് അവള്‍ക്കു കൊടുക്കണേ.  ശരിക്കും ഒരു പൂ പോലെ, സൌരഭ്യം വിതറി, തന്‍റെ മൃദുത്വം മറ്റുള്ളവര്‍ക്ക് സന്തോഷം ലഭിക്കത്തക്കവണ്ണം.  നല്ല ഒരു ഭാര്യയെ കിട്ടിയിട്ട്, വേണ്ട വിധത്തില്‍ സംരക്ഷിക്കാത്ത അവനോടും എനിക്ക് നീരസം തോന്നി.  കുടുംബത്തിന്‍റെ ഉത്തരവാദിത്വം നോക്കെണ്ടവന്‍, ഒരു ഭര്‍ത്താവിന്‍റെ കടമ പോലും ശരിക്ക് ചെയ്യുന്നില്ല.  അവള്‍ സന്തോഷവതിയായിട്ടാണ് ഫോണ്‍ വച്ചതെങ്കിലും, എന്‍റെ മനസ്സില്‍ അതൊരു നൊമ്പരമായ് ഇപ്പോഴും.

1 comment:

തൂവലാൻ said...

ഇത് വെറും സുഹൃദ് ബന്ധം ആണോ? എനിക്ക് സംശയം ഉണ്ട്..

Powered by Blogger.