രണ്ട് അമ്മമാര്‍

     ഏകാന്തമായ ഒരു സായാന്ഹത്തില്‍, കുളിര്‍ മഴ കണക്കെ അവന്‍ അവരുടെ ജീവിതത്തിലേക്ക് കയറി വന്നു.  ഈ ദേശത്തു തന്നെ അവന്‍ ആദ്യമായിട്ടാണ്.  താമസിക്കാന്‍ ഒരു സ്ഥലം അന്വേഷിച്ചാണ് അവന്‍ അവിടെ എത്തിയത്.  ജോലി സ്ഥലത്തെ ഒരു സുഹൃത്ത് വഴിയാണ് ഈ വീടിനെപ്പറ്റി അറിഞ്ഞത്.  അറിഞ്ഞപ്പോള്‍ തന്നെ വിളിച്ചു, വൈകിട്ട് കാണാം എന്ന് പറഞ്ഞു.  ഓഫീസില്‍ നിന്ന് ഒരു ടാക്സി എടുത്തു നേരെ അങ്ങോട്ടേക്ക് പോയി.  ഒട്ടും പരിചയമില്ലാത്ത സ്ഥലം.  ടാക്സിക്കാരനോട് അഡ്രസ്‌ പറഞ്ഞു കൊടുത്തു.  ഒരു പത്തു മിനിറ്റ്, അപ്പോഴേക്കും അവിടെ എത്തി. 

     വേലക്കാരി വന്നു ഗേറ്റ് തുറന്നു തന്നു.  വീടിന്‍റെ പരിസരം ഇഷ്ടപ്പെട്ടു.  അകത്തോട്ടു കയറിയപ്പോള്‍, ചെറിയ തണുപ്പും, സ്വന്തം വീട്ടില്‍ കയറി വന്ന പ്രതീതിയും.  അവിടെ സോഫയില്‍ പ്രൌഡ ഗംഭീരയായ ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു.  അവരെ കാണാന്‍ ഭംഗിയുണ്ട്.  ഒരു അന്പത്തിയഞ്ചു വയസ്സ് പ്രായം തോന്നിക്കും.  നല്ല ചിരി.  അവന്‍ സ്വയം പരിചയപ്പെടുത്തി.  അവര്‍ കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി.  അവരുടെ മട്ടും ഭാവവും കണ്ടിട്ട്, അവര്‍ക്ക് അവനെ ബോധിച്ച പോലെ.  ഇപ്പോള്‍ ഒരു പാകിസ്ഥാനി പയ്യന്‍ അവിടെ താമസിക്കുന്നു.  അവന്‍ ഏതോ ഒരു കോളേജ് വിദ്യാര്‍ഥിയാണ്.  രണ്ടു ദിവസത്തിനുള്ളില്‍ അവന്‍ ഒഴിഞ്ഞു തരും.  അത്രയും മതി.  മുറി കണ്ടു, ഇഷ്ടപ്പെട്ടു.  ഇഷ്ടപ്പെടാന്‍ എന്തിരിക്കുന്നു?  താമസിച്ചാല്‍ പോരെ?  സമയമില്ലാ സമയത്ത് ഇങ്ങിനെ ഒരെണ്ണം കിട്ടിയത് തന്നെ ദൈവ സഹായം, അല്ലാതെന്താ; അവന്‍റെ ചിന്ത ഇങ്ങിനെ പോയി.  

     രണ്ടു ദിവസം കഴിഞ്ഞു, ഒരു ഞായറാഴ്ച വൈകിട്ട് താമസിക്കാന്‍ വരാം എന്ന് പറഞ്ഞു, അഡ്വാന്‍സ്‌ കൊടുത്തിട്ട് അവിടെ നിന്നിറങ്ങി.  പുതിയ ആളും, പുതിയ സ്ഥലവും ആയതു കൊണ്ട്, അവര്‍ വേലക്കാരിയെ അവന്‍റെ കൂടെ പറഞ്ഞു വിട്ടു, വഴി കാണിച്ചു കൊടുക്കാന്‍. ഒരു ചായ കുടിക്കണം, എവിടെയാ പറ്റിയ സ്ഥലം?  വേലക്കാരിക്ക്‌ ഇംഗ്ലീഷ് ഭാഷ അറിയില്ല.  എന്തിനും ഒരു വല്ലാത്ത ചിരി തന്നെ.  അവന്‍ അത് വലിയ കാര്യമാക്കിയില്ല.  ലക്ഷണം കണ്ടിട്ട്, വേലക്കാരി അവനെ ബസ്‌ കയറ്റി വിട്ടിട്ടേ പോകൂ എന്ന് തോന്നി.  എന്തായാലും ഒരു ഇന്ത്യന്‍ ഭക്ഷണ ശാല കണ്ടു.  അവര്‍ക്കും ഒരു ചായയും, വടയും വാങ്ങി കൊടുത്തു.  താമസിക്കാന്‍ ഒരു സ്ഥലം ശരിയായല്ലോ എന്ന മനസ്സമാധാനത്തോടെ അവന്‍ പോയി.  

     രണ്ടു ദിവസം കഴിഞ്ഞു, അവന്‍ സാധനങ്ങളുമായി പുതിയ സ്ഥലത്തെത്തി.  അവിടെ ചെന്നപ്പോള്‍ ആ പാകിസ്ഥാനി പയ്യന്‍ മുറി ഒഴിഞ്ഞിട്ടില്ല.  അവന്‍ എവിടെയോ പോയിരിക്കുകയാണ്.  അവിടുത്തെ ആന്‍റി അവന്‍റെ മൊബൈലില്‍ വിളിച്ചിട്ടും അവന്‍ എടുക്കുന്നില്ല.  ദൈവമേ, കുഴഞ്ഞോ?  അവന്‍ ഒരു നിമിഷം ഓര്‍ത്തു.  രാവിലെ ഓഫീസില്‍ പോകേണ്ടതാണ്.  ഈ പഹയന്‍ ഇനി ഇതു നേരത്താണോ ആവോ വരിക.  ആന്‍റി സമാധാനിപ്പിച്ചു, സാരമില്ല.  ഇവിടെ വേറെയും മുറികളുണ്ട്.  തല്കാലത്തേക്ക് അത് ഉപയോഗിക്കാം.  ഒരു ബെഡ് വിരിച്ചു തന്നു.  അന്ന് വേറെ ഒരു മുറിയില്‍ കിടന്നു.  ആ പഹയന്‍ അന്ന് രാത്രിയില്‍ എത്തിയില്ല.  പിറ്റേ ദിവസം, ജോലി കഴിഞ്ഞു തിരിച്ചു വന്നപ്പോഴും ആ പഹയന്‍ എത്തിയിട്ടില്ല.  എന്തൊരു മനുഷ്യന്‍?  അവന്‍ ഓര്‍ത്ത്‌ പോയി.  

     വൈകിട്ട് ജോലി കഴിഞ്ഞു വന്നു കുറെ നേരം ആന്‍റിയോട് വര്‍ത്തമാനം പറഞ്ഞിരുന്നു.  രാത്രി എട്ടു മണി കഴിഞ്ഞപ്പോള്‍ അവന്‍ വന്നു.  അവന്‍റെ സാധനങ്ങള്‍ മാറ്റാന്‍ സഹായത്തിനു ചെന്നപ്പോള്‍ അവന്‍ ഹിന്ദിയില്‍ പറഞ്ഞു, ഇവരെ സൂക്ഷിക്കണം.  പൈസക്ക് ആര്‍ത്തിയുള്ള സ്ത്രീയാണ്.  ഉപദേശത്തിനു അവനു ഒരു നന്ദിയും പറഞ്ഞു.  എന്തായാലും അന്നത്തെ രാത്രി, പുതിയ മുറി കിട്ടിയതില്‍ അവനു ഒരു ആശ്വാസം തോന്നി.  പുതിയ സ്ഥലത്ത്, ഒരു പുതിയ ജീവിതം.  ദൈവത്തിനു നന്ദി പറഞ്ഞു അവന്‍റെ പുതിയ താമസം തുടങ്ങി.  

     ഓഫീസില്‍ നിന്ന് വന്ന ശേഷം, ആന്‍റിയോട് വര്‍ത്തമാനം പറഞ്ഞിരിക്കുക അവന്‍ ഒരു പതിവാക്കി.  വീട്ടിലെ ഒരു അന്തരീക്ഷം അവനു തോന്നി, അങ്ങിനെ ഇരിക്കുമ്പോള്‍.  അമ്മയോട് അന്നത്തെ സംഭവങ്ങള്‍ വിവരിക്കുന്ന പ്രതീതി.  വീട്ടില്‍ നിന്ന് മൈലുകള്‍ അകലെയാണെങ്കിലും, അങ്ങിനെ ഒരു തോന്നല്‍ ഇവിടെ ഉണ്ടായില്ല.  ആ ബന്ധം അങ്ങിനെ അവരറിയാതെ വളര്‍ന്നു.  ആന്‍റി സ്വന്തം കഥകള്‍ പറഞ്ഞു തുടങ്ങി.  ഇളയ മകന്‍ കൂടെ താമസിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി, ഒരു മിണ്ടാട്ടവും ഇല്ല.  ഒരു വാടകക്കാരനെ പോലെ.  മുഖത്തു നോക്കില്ല.  അങ്ങിനെയുള്ള അവസ്ഥയിലാണ്, അവന്‍ അവിടെ കയറിച്ചെന്നത്‌.  അതവര്‍ക്ക് ഒരു പുതു ജീവന്‍ നല്‍കി.  അവന്‍റെ അവധി ദിവസങ്ങളില്‍ അവനെയും കൂട്ടി സ്ഥലങ്ങള്‍ പരിചയപ്പെടുത്തി നല്‍കാന്‍ പോകുന്നത് അവര്‍ പതിവാക്കി.  അവനും അത് ഇഷ്ടപ്പെട്ടു. 

     അങ്ങിനെയിരിക്കെ ഒരു സായാന്ഹത്തില്‍ ആന്‍റിയുടെ ഒരു സുഹൃത്തും മകളും അവിടെ എത്തി.  ആന്‍റി വളരെ നിര്‍ബന്ധിച്ചു അവനെ താഴെ വിളിച്ചു വരുത്തി, അവര്‍ക്ക് പരിചയപ്പെടുത്തി.  അവര്‍ ഒരു ഡോക്ടര്‍ ആണ്, മകള്‍ ജോലി ചെയ്യുന്നു.  അവരും മകളും മാത്രം, ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു; മകള്‍ക്ക് അഞ്ചു വയസ്സുള്ളപ്പോള്‍.  അവര്‍ പോയപ്പോള്‍ ആന്‍റിയോട് അവന്‍ പറഞ്ഞു, വേണ്ടായിരുന്നു.  പക്ഷെ ആന്‍റി പറഞ്ഞു, ഒരു പരിചയം ഇരുന്നോട്ടെ.  പിന്നീട് പറഞ്ഞു, അവരുടെ മകളെ ആന്‍റിയുടെ ഇളയ മകന് വേണ്ടി കല്യാണം ആലോചിക്കാന്‍ ഒരു താല്പര്യം ഉണ്ട്.  അവന്‍ ചോദിച്ചു, അതിനു മകന്‍ മിണ്ടിയിട്ടു വേണ്ടേ, ഇതൊക്കെ നടക്കാന്‍.  അവര്‍ വളരെ വിഷമത്തോടെ, എന്നാല്‍ പ്രതീക്ഷയോടെ, പറഞ്ഞു.  അത് നടക്കും, ഒരിക്കല്‍.  

     ഈ ഡോക്ടര്‍ ആന്‍റി, ജോലി കഴിഞ്ഞു ഇവിടെ വരിക ഒരു സ്ഥിരം പരിപാടിയാക്കി.  രണ്ടു പേരും കുറെയേറെ ഇരുന്നു വര്‍ത്തമാനം പറയും, പിന്നെ, ആന്‍റിയെയും കൂട്ടി അവരുടെ വീട്ടില്‍ പോകും.  രാത്രി വളരെ വൈകിയാണെങ്കില്‍ അവനെയും കൂട്ടും.  ആദ്യമാദ്യം അവന്‍ എതിര്‍ത്തെങ്കിലും, പിന്നീട് അവനും കൂടെ പോകാന്‍ തുടങ്ങി.  വെറുതെ കയറി വണ്ടിയില്‍ ഇരുന്നാല്‍ മതിയല്ലോ.  ചോറുണ്ട് കഴിഞ്ഞു ഒരു നടത്തം എന്നത് പോലെ, ഒരു കറക്കം.  

     അങ്ങിനെയിരിക്കെ, ഒരിക്കല്‍ ഡോക്ടര്‍ ആന്‍റി അറിഞ്ഞു, അവന്‍ വണ്ടിയോടിക്കും.  ആന്‍റിക്ക് പ്രായം ഒരുപാടായി ( കാഴ്ചയില്‍ ), വണ്ടിയൊന്നും ഓടിക്കാന്‍ പറ്റില്ല, പക്ഷെ ജീവിക്കേണ്ടേ.  അവര്‍ പറഞ്ഞു, "നീ എന്നെ കൊണ്ട് വിട്ടിട്ടു, വണ്ടി നിന്‍റെ ആവശ്യത്തിനു എടുത്തോളൂ.  വൈകിട്ട് വിളിക്കാന്‍ വന്നാല്‍ മതി."  അവനും അതൊരു നല്ല കാര്യമായി തോന്നി.  ഇത് പക്ഷെ, അവന്‍ അറിയാതെ അവന്‍റെ വീട്ടുടമസ്ഥ ആന്‍റിക്ക് അനിഷ്ട കാര്യമായി.  അവര്‍ അവനെ എല്ലായിടത്തും പരിചയപ്പെടുത്തിയത്, തന്‍റെ ഒരു മകന്‍ എന്നായിരുന്നു.  ഡോക്ടര്‍ ആന്‍റിയും ഇതുപോലെ തന്നെ തുടങ്ങി.  അവന്‍ പക്ഷെ, ഡോക്ടര്‍ ആന്‍റിയെ, തന്‍റെ സ്വന്തം അമ്മയെപ്പോലെ സ്നേഹിച്ചു.  അവരെ അമ്മെ, എന്ന് വിളിക്കാന്‍ തുടങ്ങി.  അവരുടെ മകള്‍ക്ക് പക്ഷെ, ഇതൊന്നും ഇഷ്ടമല്ലായിരുന്നു.  കാരണം, അവള്‍ക്കു അപ്പനെ നഷ്ടമായതിന്‍റെ ദുഃഖം ഇനിയും മാറിയിട്ടില്ല; വര്‍ഷം ഇരുപത്തിയഞ്ച് കഴിഞ്ഞെങ്കിലും.  അവള്‍ പറയുന്നത്, അമ്മ ഒരുത്തിയാണ് ഇതിനെല്ലാം കാരണം.  പക്ഷെ ആ അമ്മയുടെ വാക്ക് അവള്‍ ഇപ്പോഴും കേള്‍ക്കുന്നില്ല.  അവര്‍ സഹിച്ച പീഡനങ്ങള്‍, അവഹേളനങ്ങള്‍, ഇതൊന്നും ആ മകള്‍ക്ക് അറിയേണ്ട.  അവള്‍ക്കു അച്ഛന്‍റെ നഷ്ടമായ സ്നേഹം മാത്രമാണ് പരാതി.  അതൊരു വാശി പോലെ, ഒരു ദുര്‍വാശി പോലെ.  

     അവന്‍ ഒരു പാവം, രണ്ടു അമ്മമാര്‍ക്ക് ഒരു മകന്‍ എന്ന പോലെയായി  അവന്‍റെ അവസ്ഥ.  ഒരേ സമയം രണ്ടു പേരെയും കരുതണം, രണ്ടു പേരുടെയും ആവശ്യത്തില്‍ കൂടെ ഉണ്ടാകണം.  പക്ഷെ, അവന്‍റെ വീട്ടുടമസ്ഥ ആന്‍റിക്ക്  ഇവനെ എങ്ങിനെയെങ്കിലും അവരില്‍ നിന്ന് അകറ്റണം എന്ന ചിന്തയായിരുന്നു.  അവര്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങി.  മാനസികമായി ഡോക്ടര്‍ ആന്‍റിയെ പീഡിപ്പിക്കാന്‍ തുടങ്ങി.  എന്നിട്ടും പിന്മാറുന്നില്ല എന്ന അവസ്ഥ വന്നപ്പോള്‍, അവര്‍ വജ്രായുദ്ധം എടുത്തു, അവരുടെ മകള്‍.  അവള്‍ക്കു ഫോണ്‍ ചെയ്തു അമ്മയെപ്പറ്റി അനാവശ്യമായി പറഞ്ഞു പരത്തി.  ഒന്നാമതെ അവള്‍ക്കു അവനെ ഇഷ്ടമല്ല, ഇത് കൂടി കേട്ടപ്പോള്‍ അവള്‍ ഭദ്രകാളി കണക്കെ കലി തുള്ളി.  പാവം ആ അമ്മ, അവര്‍ക്ക് സ്വന്തം മകള്‍ അല്ലെ ഇപ്പോഴും വലുത്?  അവര്‍ അവനോടു പറഞ്ഞു, നമ്മള്‍ കാണുന്നത് ഇനി ആരും അറിയരുത്.  എനിക്ക് നീ മകനെപ്പോലെ, പക്ഷെ നിന്‍റെ വീട്ടുടമസ്ഥ സമ്മതിക്കില്ലല്ലോ?  

     അങ്ങിനെ കുറെ നാള്‍ കഴിഞ്ഞു പോയി.  എല്ലാം കലങ്ങി തെളിഞ്ഞു എന്ന് വിചാരിച്ചിരുന്ന ഒരു ദിവസം, വീട്ടുടമസ്ഥ ആന്‍റി എങ്ങിനെയോ അറിഞ്ഞു, രഹസ്യമായി അവര്‍ കാണുന്നു എന്ന്.  അന്ന് അവന്‍റെ ശനി ദശ ആയിരുന്നു.  അവന്‍ ആ വീട് വിട്ടു പോകാനൊരുങ്ങി.  പക്ഷെ അവര്‍ സമ്മതിക്കുമോ?  അവന്‍റെ കൂട്ടുകാര്‍ ഉപദേശിച്ചു, "നീ ഇപ്പോള്‍ പോയാല്‍ അവര്‍ നിന്നെയും അപമാനിക്കും. തല്‍കാലം സഹിച്ചു ഒതുങ്ങി നില്‍ക്കുക.  അവര്‍ക്ക് മാനസിക പ്രശ്നം ആണ്.  നീ ഇപ്പോള്‍ പോയാല്‍ അത് കൂടുക മാത്രമേ ചെയ്യൂ.  കാരണം, നീ അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ആളാണ്‌.  ഇനി നീ കൈവിട്ടാല്‍ അവര്‍ക്ക് അത് താങ്ങാനാവില്ല.  ഒരു പക്ഷെ അവരുടെ ജീവിതത്തിന്‍റെ വേറൊരു മാനസിക അവസ്ഥക്ക് നീ അറിയാതെ ഒരു കാരണക്കാരനാകേണ്ടി വരും."  അവന്‍ കൂട്ടുകാരുടെ ഉപദേശത്തെ ശരിവച്ചു.   അങ്ങിനെ ഒരു വര്‍ഷാവസാനത്തില്‍ ഡോക്ടര്‍ ആന്‍റിയുമായുള്ള അടുപ്പം അവന്‍ ഉപേക്ഷിച്ചു; രണ്ടു പേരുടെയും പൂര്‍ണ സമ്മതത്തോടെ.  

     രണ്ടു സ്ത്രീകള്‍ അവനു വേണ്ടി കടിച്ചു കീറുന്നതിന്‍റെ ഒരു രക്ത സാക്ഷിയാകേണ്ടി വന്നു പാവം അവന്‍.  അവന്‍റെ ഇപ്പോഴത്തെ അവസ്ഥയോ?  രണ്ടു പേരും ഉപേക്ഷിച്ചു.  ഡോക്ടര്‍ ആന്‍റിക്കും അവനെ വേണ്ടാ, അവന്‍റെ പഴയ വീട്ടുടമസ്ഥ ആന്‍റിക്കും അവനെ വേണ്ട.  രണ്ടു പേരും കണ്ടാല്‍ പരിചയ ഭാവം പോലും ഇല്ല.  അവനു കുറെ മാനസിക പ്രയാസങ്ങള്‍ സമ്മാനിച്ച്, അവര്‍ അവന്‍റെ ജീവിതത്തില്‍ നിന്നും അകന്നു.  ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത അവനെ, അവര്‍ മറ്റൊരു വ്യക്തിത്വത്തിന് ഉടമയാക്കി.  ഒരിക്കലും മറക്കാന്‍ പറ്റാത്ത കുറെ ഓര്‍മ്മകള്‍ സമ്മാനിച്ച്, അവര്‍ അവനെ അനാഥനാക്കി.  കൈവിട്ടു പോയ മനസ്സിനെ തിരിച്ചു പിടിക്കാന്‍ ശ്രമിച്ചു കൊണ്ട്, ഈ ഭൂലോകത്തില്‍ എവിടെയോ അവന്‍ ഉണ്ട്; പാവം.

2 comments:

ശ്രീക്കുട്ടന്‍ said...

കഥ വായിക്കുവാന്‍ ശ്രമിച്ചു പരാജയപ്പെട്ടിട്ടാ​ണീ കമന്റ്.ദയവുചെയ്തു ബാക്ക്ഗ്രൌണ്ട് കളര്‍ മാറ്റു.ഇല്ലെങ്കില്‍ ഇതാരെങ്കിലും വായിക്കുമെന്നു തോന്നുന്നില്ല.കണ്ണു ശരിക്കും വേദനിയ്ക്കുന്നു.

Yasmin NK said...

aasamsakal

Powered by Blogger.