വെറുതെ കുറെ ചിന്തകള്‍
മനസ്സ് നിറയെ എന്തോ ആണ്. എന്തൊക്കെയോ മിന്നി മറയുന്നു, എന്തൊക്കെയോ ചിന്തകളില്‍ കൂടി തികട്ടി വരുന്നു. ആകെപ്പാടെ ഒരു വല്ലാത്ത അവസ്ഥ; വിവരിക്കാന്‍ പറ്റാത്ത ഒരു അവസ്ഥ. എന്താ എന്നറിയില്ല. ജീവിതത്തിന്‍റെ കടന്നു പോയ വഴികളില്‍ കൂടി സഞ്ചരിക്കാന്‍ ഒരു വല്ലാത്ത ഇഷ്ടം. പഴയ ആള്‍ക്കാരെ കാണാന്‍, തനിയെ കുറെ നേരം സഞ്ചരിക്കാന്‍, പള്ളിക്കൂടം, കലാലയം മുതലായ സമയങ്ങളിലെ നല്ല നല്ല അനുഭവങ്ങള്‍ അയവിറക്കാന്‍ ഒക്കെ ഒരു മോഹം.
അടുത്തിരിക്കുമ്പോള്‍ വേണ്ടാ എന്നും, അകലെയിരിക്കുമ്പോള്‍ അടുത്തായിരുന്നെങ്കില്‍ എന്നുമുള്ള ഒരു മോഹം. കൈയെത്തും ദൂരെ ഇരുന്നിട്ടും, എന്തോ ഒരു അകല്‍ച്ച പോലെ തോന്നിയോ? അതോ നഷ്ടപ്പെടുന്നു എന്നുള്ള തോന്നലാണോ? സ്നേഹം ഏറ്റവും കൂടുതല്‍ അറിയുന്നത് അല്ലെങ്കില്‍ അറിയപ്പെടുന്നത് വിരഹം വരുമ്പോഴാണ്. എന്തൊക്കെയോ നഷ്ടമാകാന്‍ പോകുന്നു എന്നൊരു തോന്നല്‍. അത് പലപ്പോഴായി സ്വപ്നങ്ങളില്‍ കൂടി പ്രതിഫലിക്കുന്നു. പക്ഷെ എല്ലാം ഒരു പകല്‍ സ്വപ്നം പോലെ.
മുന്നോട്ടുള്ള വഴി അങ്ങിനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു. ഒരു മരുഭൂമിയില്‍ കൂടിയുള്ള, നീണ്ട വഴി പോലെ. അതിന്‍റെ ഇരു വശങ്ങളിലും ഒന്നും കാണുന്നില്ല. വെറും ഊഷര ഭൂമി. ഒരു വണ്ടി കിട്ടിയിരുന്നെങ്കില്‍, കുറെ നേരം വെറുതെ ഡ്രൈവ് ചെയ്യാമായിരുന്നു. നല്ല മഴ പെയ്തിരുന്നെങ്കില്‍ അത് കണ്ടു ആസ്വദിക്കാമായിരുന്നു. എന്തൊക്കെയോ നിരൂപിക്കുന്നു, അതില്‍ ഒന്നു പോലും നടക്കാതെ പോകുന്നു. അതോ, അതിനു വേണ്ടി പരിശ്രമിക്കുന്നില്ലയോ? യാന്ത്രികമായ ഒരു ജീവിതം. പക്ഷെ ഒന്നുറപ്പ്, അത് വേറെ ആരുമല്ല നിയന്ത്രിക്കുന്നത്; ഞാന്‍ തന്നെ. എന്‍റെ ജീവിതചര്യകളില്‍ അതിനെ തളച്ചിടാന്‍ ശ്രമിക്കുകയാണോ? കുറെ ലക്ഷ്യങ്ങള്‍; ഓരോ വര്‍ഷവും അതേ ലക്ഷ്യങ്ങള്‍ തിരിച്ചു വരുന്നു; പൂര്‍ത്തിയാക്കാനാവാതെ.
പ്രയത്നം; അതു നഷ്ടപ്പെടുന്നു. ബോധം, അതുണ്ട് എന്തായാലും; ഭാഗ്യം. കുറെ നഷ്ട സ്വപ്നങ്ങളും, മിഥ്യാ സ്വപ്നങ്ങളും, ചിന്തകളും മനസ്സിനെ കാര്‍ന്നു തിന്നുകയാണോ? എല്ലാം വെറുമൊരു മോഹമായി മാറുമോ? മനസ്സാകുന്ന അശ്വത്തിനു മുഖപ്പട്ട കെട്ടുക, കടിഞ്ഞാണിടുക. അതാണ് പരമ പ്രധാനം.
No comments:
Post a Comment