റോഡിലെ ചില മലയാളി സ്റ്റാന്‍ഡേര്‍ഡ്സ്

ഓരോ തവണയും കേരളത്തിലൂടെ ഉള്ള സഞ്ചാരം, പുതുമയാര്‍ന്ന ചില അനുഭവങ്ങള്‍ നല്‍കുന്നു.  അതില്‍ ചിലതിലൂടെ.

രംഗം ഒന്ന് - മലയാളിക്ക് വിവരം കൂടിയത് കൊണ്ടാണോ അതോ, പുതിയ അറിവുകള്‍ മലയാളി മറ്റുള്ളവരെ പടിപ്പിക്കുന്നതാണോ?  എന്തായാലും, കുറെ തവണയായി ശ്രദ്ധിക്കുന്നു; ഒരു റോഡിലെ നാല്‍ക്കവലയില്‍ എത്തിയാല്‍ വണ്ടി നേരെ പോകണമെങ്കില്‍ മലയാളി "അപകട സിഗ്നല്‍" (hazardous light) പ്രവര്‍ത്തിപ്പിക്കും.  നേരെ പോകുന്ന വണ്ടിക്കു ആ സിഗ്നല്‍ ഇടണമെന്ന് ഏതു ഡ്രൈവിംഗ് സ്കൂള്‍ ആണോ പഠിപ്പിച്ചത്?  വണ്ടി വാങ്ങുമ്പോള്‍ അതിന്‍റെ കൂടെ കിട്ടുന്ന "ഉപയോഗ ക്രമം" എന്ന ലഘു ലേഘാ വായിച്ചാല്‍ അതില്‍ ഇങ്ങിനെ വല്ലതും പറയുന്നുണ്ടോ ആവോ?  ഈ സിഗ്നല്‍, നമ്മള്‍ക്ക് വഴി അറിയില്ല, അഥവാ എന്തെങ്കിലും സംശയിച്ചു, തപ്പിപ്പിടിച്ചു വണ്ടി ഓടിക്കുവാണെങ്കില്‍, അതുമല്ലെങ്കില്‍ എന്തെങ്കിലും തകരാര്‍ വണ്ടിക്കു സംഭവിച്ചാല്‍ അല്ലെങ്കില്‍ കടുത്ത മഴ ഉള്ളപ്പോള്‍ മുന്നോട്ടുള്ള വഴി ശരിക്കും കാണാന്‍ കഴിയില്ലെങ്കില്‍ ഒക്കെ ഇടാനുള്ളതാണ് എന്ന് ആര് പഠിപ്പിച്ചു കൊടുക്കും?  അതും പോട്ടെ, എന്തുകൊണ്ട് ഈ സിഗ്നല്‍ വണ്ടി നേരെ പോകുമ്പോള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കുന്നില്ല?  അതോ ബുദ്ധി കൂടുതല്‍ ഉള്ളത് കൊണ്ടാണോ?

രംഗം രണ്ട് - അക്ഷമരായ മലയാളികള്‍.  ഒരു മുക്കവല അഥവാ ടി ജങ്ങ്ഷന്‍.  വലത്തേക്ക് പോകാന്‍ സിഗ്നല്‍ ഇട്ടു പ്രധാന റോഡിന്‍റെ ഏകദേശം മധ്യഭാഗത്തായി വണ്ടി നില്‍ക്കുന്നു. എന്‍റെ വാഹനത്തിന്‍റെ ഇടതു വശത്ത്‌ കൂടി പുറകില്‍ നിന്നുള്ള വാഹനങ്ങള്‍ മുന്നോട്ടു പോകുന്നു.  വലതു വശത്തെ റോഡില്‍ നിന്നും ഒരു വാഹനം, പ്രധാന റോഡില്‍ കയറി.  അപ്പോള്‍ പ്രധാന റോഡില്‍ എതിരെ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് എന്‍റെ വാഹനത്തിന്‍റെ ഇടതു വശത്ത്‌ കൂടി ചീറിപ്പാഞ്ഞു.  ഇത് മൂലം, വലതു വശത്തെ റോഡില്‍ നിന്നും വന്ന വണ്ടിക്കു പ്രധാന റോഡില്‍ കടക്കാനുമായില്ല, എന്‍റെ വാഹനത്തിനു വലതു വശത്തെ റോഡില്‍ കടക്കാനുമായില്ല, എനിക്ക് പിന്നിലുള്ള വാഹനങ്ങള്‍, മുന്നിലൂടെ അപ്രതീക്ഷിതമായി തെറ്റായ ദിശയില്‍ വന്ന വാഹനങ്ങള്‍ കാരണം നിറുത്തിയിടേണ്ടി വരികയും ചെയ്തു.  ഒരിത്തിരി നേരം ക്ഷമിച്ചാല്‍ എന്താ? ഒരിത്തിരി വൈകിയിരുന്നെങ്കില്‍ കുറെ അപകടങ്ങള്‍ സംഭവിച്ചേനെ.  

രംഗം മൂന്ന് -  കേരളത്തിലെ ഒരു പ്രധാന റോഡ്‌.  അതിലെ ഒരു അപകടകരമായ വളവും കയറ്റവും.  വളരെ പ്രയാസപ്പെട്ടു ഒരു കെ എസ് ആര്‍ ടി സി ബസ്‌ മുന്‍പില്‍ പോകുന്നു.  അതിനെ മറി കടക്കാന്‍ ശ്രമിക്കുന്ന ഒരു കാര്‍.  അതിനു പിന്നിലായി കുറെ വാഹനങ്ങളും. പെട്ടെന്ന് ഇടതു വശത്ത്‌ കൂടി ഒരു കാര്‍ മുന്നോട്ടു പോകുന്നു; അത് ബസിന്‍റെയും മറികടക്കാന്‍ ശ്രമിക്കുന്ന കാറിന്‍റെയും ഇടയില്‍ കൂടി ( ബസിന്‍റെ വലതു ഭാഗത്തും കാറിന്‍റെ ഇടതു ഭാഗത്തും) ഞെരുങ്ങി കയറി പോകുന്നു. ഒരു ഹോണ്‍ പോലും മുഴക്കാതെ.  വലതു വശത്തെ കാര്‍ വലത്തോട്ടു വെട്ടിച്ചില്ലായിരുന്നെങ്കില്‍ !!!  

ഇതൊക്കെയാണ് നമ്മുടെ നാട്ടിലെ പുത്തന്‍ അനുഭവങ്ങള്‍.  നല്ല റോഡുകള്‍ ഉണ്ടാകുമ്പോള്‍ ശരിയായ രീതിയില്‍ വണ്ടിയോടിക്കാന്‍ നമ്മള്‍ മറക്കുന്നു.  അപകടങ്ങള്‍ പെരുപ്പിക്കുന്നു. 

No comments:

Powered by Blogger.