മല്ലു കൂട്ടങ്ങള്‍

വീട് വിട്ടു പത്തു വര്‍ഷത്തിലേറെയായുള്ള എന്റെ സഞ്ചാര പാതയില്‍ ഒരുപാട് കൂട്ടങ്ങളെ കണ്ടിട്ടുണ്ട്.  അതില്‍ നിന്നൊക്കെ ഒരുപാട് വത്യസ്തമായുള്ള ഒന്നാണ് മലയാളി കൂട്ടം അഥവാ മല്ലു കൂട്ടങ്ങള്‍. മല്ലു എന്ന വാക്ക് ഞാന്‍ ആദ്യം കേള്‍ക്കുന്നത് ബോംബെ മഹാ നഗരത്തില്‍ ചെന്നപ്പോഴാണ്.  ബോംബെയില്‍ മലയാളിയും തമിഴനും എല്ലാം "മദ്രാസി" എന്നാണു അറിയപ്പെടുന്നത്.  പക്ഷെ, മലയാളികളെ പ്രത്യേകം അറിയപ്പെടുന്നത് മല്ലു എന്നാണു.  മല്ലു എന്ന വാക്ക് അവിടെ മാത്രമല്ല, ലോകം മൊത്തം ഇപ്പോള്‍ അതിനു വളരെയേറെ പ്രചാരം ഉണ്ട്.  കാരണം, മലയാളികള്‍ ഇല്ലാത്ത ഒരു നാട് കണ്ടെത്താന്‍ ഇപ്പോള്‍ പ്രയാസമാണ്.  ഞാന്‍ കണ്ടിട്ടുള്ള കുറച്ചു കൂട്ടങ്ങളെ ഇവിടെ പരിചയപ്പെടുത്തട്ടെ. 

കേരളത്തില്‍ വച്ചു തന്നെയാണ് ഇത് പോലെയുള്ള ആദ്യത്തെ കൂട്ടങ്ങളെ കാണുന്നത്.  അതിനു പക്ഷെ പ്രത്യേകിച്ച് മല്ലു കൂട്ടങ്ങള്‍ എന്ന് പറയാന്‍ പറ്റില്ല.  കാരണം, അതു മലയാളികളുടെ സ്വന്തം നാടല്ലെ. അവിടെ അവരെ "മല്ലു" എന്ന് എടുത്തു പറയാന്‍ പറ്റില്ലല്ലോ?  ഞാന്‍ കുറെ നാള്‍ താമസിച്ചു പഠിച്ച സ്ഥലം; അതായിരുന്നു എന്റെ ആദ്യത്തെ കൂട്ടായ്മ. ഞങ്ങള്‍ ഇരുപത്തിയഞ്ച് പേര്‍ ഒരു വീട്ടില്‍. വീട്ടുടമസ്ഥന്‍ ഞങ്ങളുടെ ജ്യേഷ്ഠനെ പോലെ.  ആ മൂന്നു വര്‍ഷങ്ങള്‍ ഒരിക്കലും മായാത്ത ഓര്‍മയാണ്.  എന്തെല്ലാം കുസൃതിത്തരങ്ങള്‍, എന്തിനും ഏതിനും ഒരുമിച്ചു നില്‍ക്കുന്ന ഒരു കൂട്ടം.  ആ നാട്ടുകാര്‍ക്ക് പോലും ബഹുമാനമോ, പേടിയോ, അങ്ങിനെ എന്തൊക്കെയോ ആയിരുന്നു ഞങ്ങളെ. ഞങ്ങളില്‍ ഒരാള്‍ക്ക്‌ എന്തു പറ്റിയാലും, അവന്‍ സ്വയം വരുത്തി  വച്ച കുഴപ്പങ്ങള്‍ ആണെങ്കില്‍ പോലും, എല്ലാരും ഒരുമിച്ചു ഒരു കൈ ഒരു മെയ് ആയി നില്‍ക്കുമായിരുന്നു. അതൊരു സ്നേഹത്തിന്റെ ഉറച്ച ബന്ധങ്ങള്‍ ആയിരുന്നു.  അതൊരു കാലം, തിരികെ കിട്ടാത്ത കാലം. ഓര്‍മ്മകള്‍ മാത്രം. 

പിന്നീട് അതു പോലെ ഒരു കൂട്ടം കൂടിയത്, ഞാന്‍ കേരളം വിട്ടു ഹൈദരാബാദില്‍ ചെന്നപ്പോള്‍ ആയിരുന്നു.  അതും ഇതുപോലെ 25 പേര്‍ അടങ്ങുന്ന ഒരു കൂട്ടം.  എല്ലാവരും പക്ഷെ ഒരുമിച്ചല്ല താമസം, പക്ഷെ ഒരു കോളനിയില്‍, അല്ലെങ്കില്‍ തൊട്ടടുത്ത കോളനിയില്‍.  വെയ്പ്പും കുടിയും ഒരിടത്ത്, ഒരാള്‍ക്ക്‌ പ്രശ്നം വന്നാല്‍ സഹായിക്കാന്‍, നേരിടാന്‍ എല്ലാവരും. പോക്കും വരവും എല്ലാം മിക്കപ്പോഴും ഒരുമിച്ച്.  ഒരുമിച്ചൊരു റംസാന്‍, ക്രിസ്തുമസ്, ദീപാവലി, അങ്ങിനെ പലതും.  അതും ഒരു നല്ല സൌഹൃദത്തിന്റെ കാലം ആയിരുന്നു.  മറഞ്ഞു പോയ നല്ല കാലം.  ഇപ്പോള്‍ പലരും, പലയിടങ്ങളില്‍, ഓര്‍മ്മകള്‍ മാത്രം. 

പിന്നീട് ഞാന്‍ കണ്ടത്, ജീവിതം അതിവേഗ പാതയില്‍ ഹോമിച്ച കുറെ കൂട്ടങ്ങളെ ആയിരുന്നു.  എന്നിരുന്നാലും, അതില്‍ സമയം കണ്ടെത്തി ഒരുമിക്കുന്ന കൂട്ടങ്ങള്‍.  പക്ഷെ ഈ കൂട്ടങ്ങള്‍ക്കു, മുന്‍പ് കണ്ടതുപോലെ സൌഹൃദത്തിന്റെ വ്യക്തമായ മുഖം ഇല്ലായിരുന്നു; പലതും മുഖം മൂടികള്‍. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം അണിയുന്ന സൗഹൃദം.  നിലനില്‍പ്പിനു വേണ്ടി, സമൂഹത്തില്‍ ഉന്നത സ്ഥാനത്തിനു വേണ്ടി, ജീവിക്കാന്‍ വേണ്ടി, അങ്ങിനെ പല വേഷങ്ങളണിയുന്ന ഒരു കൂട്ടം. അതില്‍ ഞാന്‍ കണ്ടു, ജീവിതത്തിന്റെ പല മുഖങ്ങളെ. പച്ചയായ മുഖങ്ങളെ. ഒരാളുടെ ഉയര്‍ച്ചയില്‍ ഒരിക്കലും സന്തോഷിക്കാതെ, അയാളെക്കാളും ഉയര്‍ച്ച എങ്ങിനെ നേടാം എന്ന് രാപ്പകല്‍ ചിന്ദിക്കുന്ന ഒരു സമൂഹം. പുതു തലമുറയ്ക്ക് ഒരു നല്ല വാക്ക് പോലും പകര്‍ന്നു കൊടുക്കാന്‍ കഴിയാതെ, സമയത്തെ പിടിച്ചു നിറുത്താന്‍ തത്രപ്പെടുന്ന ഒരു സമൂഹം. അതിലും ചിലതുണ്ടായിരുന്നു; നന്മകള്‍ അന്വേഷിക്കുന്ന കൂട്ടം.  പക്ഷെ ഇവിടെ കണ്ട എല്ലാ കൂട്ടങ്ങള്‍ക്കും പൊതുവായ ഒരു മുഖം ഉണ്ടായിരുന്നു; ഒന്നു ചിരിക്കാന്‍ പോലും സമയം കണ്ടെത്താതെ എന്തിനോ വേണ്ടി പായുന്ന ഒരു മുഖം. പരസ്പരം വഴക്ക് കൂടാന്‍ മാത്രം ധാരാളം സമയം ഉണ്ടാക്കുന്നവര്‍.  ഒരിക്കല്‍ അവിടുത്തെ മലയാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളത്തില്‍ നിന്നും മന്ത്രി വന്നു. ആ സമ്മേളനം തല്ലി പിരിയേണ്ടി വന്നു.  രണ്ട് ദിവസത്തെ സമ്മേളനം ഒന്നും ചര്‍ച്ച ചെയ്യാതെ തല്ലി പിരിഞ്ഞു.  ഈ കൂട്ടങ്ങള്‍ സ്വാര്‍ഥതയുടെ കൂട്ടങ്ങള്‍ ആയിരുന്നു; വളരെ ചുരുക്കം നന്മയുടെയും.  അതു ഇപ്പോഴും ഉള്ള ഒരു അവസ്ഥയായി തുടരുന്നു; ഇനിയും പലയിടത്തും കണ്ടു മുട്ടേണ്ടി വരുന്ന ഒരു അവസ്ഥ. 

പിന്നീട് ഞാന്‍ കണ്ടതു വളരെ വ്യത്യസ്തമായൊരു കൂട്ടത്തെ ആയിരുന്നു.  ഇതിനെ കൂട്ടം എന്ന് പറയാന്‍ പറ്റില്ല.  കാരണം, അന്നുള്ള മല്ലൂസ് പറയും, "ഒരു മേശക്കു ചുറ്റും, ഇവിടെ മലയാളികള് മാത്രം കണ്ടാല്‍ അതൊരു മഹാ സംഭവം".  അതിനു കാരണം, അവരുടെ കാലത്ത് അങ്ങിനെ സംഭവിച്ചിട്ടില്ല. പിന്നീട് ആ മല്ലൂസ് എല്ലാം പല വഴിക്ക് പോയി; ഒന്നോ രണ്ടോ പേര്‍ മാത്രം ശേഷിച്ചു.  പുതിയ ഒരു കൂട്ടം വന്നു. അവര്‍ ഈ മഹാ സംഭവത്തെ ഒരു പ്രസ്ഥാനം പോലെയാക്കി. മലയാളം  നാമമാത്രമായി പറയാന്‍ അറിയാവുന്നവരെ, അവര്‍ പോലും അറിയാതെ ആ ഭാഷയില്‍ നല്ല ജ്ഞാനം പകര്‍ന്നു കൊടുത്തൊരു കൂട്ടം. എന്തും ഏതും ആഘോഷമായി കാണുന്ന, ആഘോഷിക്കുന്ന ഒരു കൂട്ടം. പണ്ട് പ്രീ-ഡിഗ്രി ഉണ്ടായിരുന്ന കാലത്ത് കോളേജുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി എന്നും സമരം ചെയ്യുമായിരുന്നു; പ്രീ-ഡിഗ്രി പെണ്‍കൊടികളെ സൌകര്യമായി പഞ്ചാരയടിക്കാന്‍ ആയിരുന്നു അതു.  അതു പോലെ ഒരു കൂട്ടമാണ്‌ ഇതും. എന്തെങ്കിലും ഒരു കാരണം കണ്ടു പിടിച്ചു അതു ആഘോഷിക്കും.  ആഘോഷം എന്ന് പറഞ്ഞാല്‍, "കുപ്പി ഇല്ലാതെ നമ്മള്‍ക്ക് എന്താഘോഷം" എന്നാണ് ഇവരുടെ രീതി.  പക്ഷെ, ഈ കൂട്ടം, ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു കൂട്ടമാണ്‌.  മലയാളികള്‍ ഒരുമിച്ച് ഒരു കുടക്കീഴില്‍ നിന്നിട്ടുള്ള ഒരു കൂട്ടം. മലയാളത്തെ "അശ്ലീലം" എന്ന രീതിയില്‍ കാണുന്ന ഒരു മലയാളി സമൂഹം ഉള്ള ഈ നാട്ടില്‍, കൈ കോര്‍ത്തു നില്‍ക്കുന്ന ഒരു നല്ല കൂട്ടം. അവരുടെ ആഘോഷങ്ങള്‍ ശരിക്കും ഒരു ആഘോഷം തന്നെയാണ്. അതിലെ തമാശകളും നന്മകളും മാത്രം സ്വീകരിച്ചു, അതില്‍ പങ്കു ചേര്‍ന്ന് പോകാന്‍ കഴിയുന്നത്‌ ഒരു ഭാഗ്യം.  ഈ കൂട്ടം എന്നും ഇതുപോലെ നില്‍ക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

ഒരു പക്ഷെ ഇനിയും ഞാന്‍ കാണും കുറെ മല്ലു കൂട്ടങ്ങളെ; വത്യസ്തതകള്‍ മാത്രം നല്‍കുന്ന കൂട്ടങ്ങള്‍.

2 comments:

Anonymous said...

Good

Anonymous said...

Kollam

Powered by Blogger.