മരവിച്ച ഹൃദയം

ഇന്നലത്തെ എന്‍റെ ഓഫീസിലേക്കുള്ള യാത്രയില്‍ ഒരു അപകടത്തിനും ദാരുണമായ അന്ത്യത്തിനും മൂക സാക്ഷിയാകേണ്ടി വന്നു.  മണിക്കൂറുകളോളം ആ സംഭവം മനസ്സില്‍ നിന്ന് മായാതെ കിടപ്പുണ്ടായിരുന്നു.  അന്ത്യം സംഭവിച്ചത് ഒരു മനുഷ്യ ജീവിക്കല്ല, മറിച്ച് ഒരു പൂച്ചക്കുഞ്ഞിനായിരുന്നു. അതു ഒരുപാട് എന്നെ ചിന്തിപ്പിച്ചു.  പക്ഷെ ലോക കാല്‍പന്തു കളിയുടെ ഭ്രാന്തമായ ആവേശത്തിനിടയില്‍ അതെല്ലാം മറന്നു പോയി.  എന്നാലും രാവിലെയും പിന്നീടും അതുവഴി കടന്നു പോയപ്പോള്‍ ആ സംഭവം വല്ലാതെ പിന്തുടര്‍ന്നു.  മനസ്സില്‍ ആരോ കുത്തുന്ന പോലെ തോന്നി.

വൈകിട്ട് ജോലി സ്ഥലത്തേക്കുള്ള വണ്ടി പിടിക്കാന്‍ പോകുമ്പോള്‍, ഇടുങ്ങിയ വഴിയില്‍ എന്‍റെ പുറകില്‍ ഒരു കാര്‍ ഉണ്ടായിരുന്നു.  വളരെ പതിയെ, ശബ്ദ രഹിതമായി വന്ന ആ ശകടത്തെ ഞാന്‍ അറിഞ്ഞിരുന്നില്ല.  ആരോ പിന്തുടരുന്നു എന്ന് തോന്നി തിരിഞ്ഞു നോക്കിയപ്പോള്‍ വളരെ മൂകമായി വരുന്നുണ്ടായിരുന്നു അത്.  അതിനു പോകാന്‍ ഞാന്‍ വഴി ഒഴിഞ്ഞു കൊടുത്തിട്ട്, അതു പോയപ്പോള്‍ ഒന്നു തിരിഞ്ഞു നോക്കി.  ആ ശകടാസുരന്‍റെ വലിയ പാദങ്ങള്‍ക്കടിയില്‍പ്പെട്ടു തകര്‍ന്നു പോയ തലയുമായി ഒരു പാവം പൂച്ചക്കുഞ്ഞ്.  പുറത്തേക്ക് തെറിച്ചു പോയ കണ്ണുകളും, തകര്‍ന്ന കാലുകളുമായി ആ പാവം വഴിയില്‍ കിടന്നു പിടക്കുന്നുണ്ടായിരുന്നു.  അതൊരു വല്ലാത്ത കാഴ്ചയായിരുന്നു.  എന്തു ചെയ്യണമെന്നു എനിക്കൊരു എത്തും പിടിയും കിട്ടിയില്ല.  വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി ഞാന്‍ എന്‍റെ നടത്ത തുടര്‍ന്നു, ഒരുതരം മരവിച്ച മനസ്സുമായി.  അവസാനം ഒന്നു കൂടി തിരിഞ്ഞു നോക്കിയപ്പോള്‍ നിശ്ചലമായി അതു വഴിയോരത്ത് കിടപ്പുണ്ടായിരുന്നു.  

മുമ്പോട്ടു നടക്കവേ എന്‍റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു വന്നു.  ആ പൂച്ചക്കുഞ്ഞിന്‍റെ സ്ഥാനത്ത് ഒരു മനുഷ്യ ജീവിയായിരുന്നു എങ്കില്‍?  പലരും അതിന്‍റെ മരണവെപ്രാളം കണ്ടിട്ട് ഒഴിഞ്ഞു മാറിപ്പോയപ്പോള്‍, ആ സ്ഥാനത്ത് ഒരു മനുഷ്യനായിരുന്നെങ്കില്‍ എന്താവുമായിരുന്നു?  ഇതുപോലെ തിരിഞ്ഞു നോക്കി പതിയെ സ്ഥലം വിടുമായിരുന്നോ അതോ എടുത്തു വല്ല ആശുപത്രിയിലും കൊണ്ട് പോകാന്‍ നോക്കുമായിരുന്നോ?  കുറെ നേരം ഇത് തന്നെ ഞാന്‍ ചിന്തിച്ചു.  ഒരു മനുഷ്യ ജീവനായിരുന്നു അവിടെ പിടഞ്ഞിരുന്നെങ്കില്‍ പലരും കൂടി പലതും ചെയ്തേനെ.  ഇത് ആര്‍ക്കും വേണ്ടാത്തതായിരുന്നോ?  അതോ,  മനപ്പൂര്‍വ്വം ഒഴിഞ്ഞു മാറിയതോ?  അഥവാ ഇത് നമ്മുടെ വളര്‍ത്തു ജീവിയായിരുന്നെങ്കില്‍ എന്തു മാത്രം അതിനെ ചൊല്ലി കരഞ്ഞേനെ,, അല്ലെങ്കില്‍ അതിനെ രക്ഷിക്കാനുള്ള ശ്രമം നടത്തിയേനെ, അല്ലേ?  ഇങ്ങിനെ പലതും എന്‍റെ മനസ്സില്‍ ഓടിയെത്തി.  എന്തോ ഒരു വികാരമായിരുന്നു, എനിക്കപ്പോള്‍.  നിര്‍വികാരനായി നടന്നു പോകേണ്ടതില്‍ വന്ന പശ്ചാത്താപത്തിന്‍റെതോ അതോ കുറ്റബോധമോ, എന്തോ എനിക്കറിയില്ല; അതു വല്ലാതെ എന്നെ അലട്ടി.  

രാവിലെ തിരിച്ചു വീട്ടിലേക്കു വരുമ്പോള്‍ ഞാന്‍ വീണ്ടും അതിന്‍റെ മരവിച്ച ശരീരം കാണാന്‍ ഒന്നു നോക്കി.  പക്ഷെ അതു അവിടെ ഉണ്ടായിരുന്നില്ല.  ആരോ എടുത്തു മാറ്റിയിരുന്നു.  ആ സ്ഥലം കടന്നുപോകുമ്പോള്‍ വീണ്ടും ഇതേ ചിന്തകള്‍ ഒരു ചോദ്യ ചിന്ഹമായി മനസ്സില്‍ ഉയര്‍ന്നു വന്നു.  സഹജീവികളോടു എന്തു മാത്രം കരുണയുള്ള ആളാണ്‌ ഞാന്‍?  ഇപ്പോഴും അതു തന്നെ ചോദിച്ചു കൊണ്ടേയിരിക്കുന്നു.

1 comment:

ഉപാസന || Upasana said...

വണ്ടിയോടിച്ച ആള്‍ക്കു അറിയാതെ പറ്റിയതായിരിക്കുമെന്നേയ്
:-)

Powered by Blogger.