തന്തോന്നികള്‍

മലയാളത്തില്‍ ഈ അടുത്തിടക്കിറങ്ങിയ ഒരു പടത്തിന്‍റെ പേര് താന്തോന്നി എന്നാണു. പക്ഷെ അതിലെ കഥാപാത്രത്തെ മറ്റുള്ളവര്‍ അങ്ങിനെയാണ് കാണുന്നത്; എന്നാല്‍ അതിനു വിപരീതമായിട്ടാണ് മനസ്സിലാക്കുമ്പോള്‍.  പക്ഷെ, നമ്മുടെ രാഷ്ട്രീയക്കാര്‍ സ്വയം നല്ലവര്‍ ചമഞ്ഞു, താന്തോന്നിത്തരം കാണിക്കുകയാണ്.  അവരെ ഒരിക്കലും വാഴ്ത്തിപ്പാടാന്‍ സാധിക്കുകയില്ല.  സ്വന്തം കാര്യത്തില്‍ എന്തും കാണിക്കാം എന്നാല്‍ മറ്റുള്ളവര്‍ ഒരിക്കലും ഒന്നും ചെയ്യാന്‍ പാടില്ല എന്ന സമീപനം ആണ്.  അവര്‍ക്ക് എന്തും ആകാം.

ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്, ഇപ്പോള്‍ കോടതികളെയും നീതി-ന്യായ വ്യവസ്ഥകളെയും വെല്ലുവിളിക്കുന്നത്.  നീതി-ന്യായ വ്യവസ്ഥകളെ വെല്ലു വിളിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാന്‍ പാടില്ലാത്ത പ്രവൃത്തിയാണ്‌.  നിയമത്തില്‍ ഉള്ള പഴുതുകള്‍ മാറ്റാന്‍ ആണ് ഇവിടെ ഭരണകൂടവും, ഭരണകര്‍ത്താക്കളും ഉള്ളത്.  പക്ഷെ, അവര്‍ തന്നെ, നിയമത്തെ ധിക്കരിക്കുന്ന അവസ്ഥയാണ് നമ്മുടെ നാട്ടില്‍.  ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ചെകുത്താന്മാരുടെ താമസവും വിളയാട്ടവുമാണ്.  വേലി തന്നെ വിള തിന്നുവാണിവിടെ.

പണ്ട്, വയല്‍ നികത്തല്‍ പ്രക്ഷോഭത്തില്‍ ആരംഭിച്ചതാണ് ഈ ധിക്കാര പ്രസ്ഥാനം.  അവര്‍ തൊഴിലാളിക്ക് വേണ്ടി വാദിച്ചപ്പോള്‍, ആരെങ്കിലും ഓര്‍ത്തോ ഇതില്‍ മുതല്‍ മുടക്കുന്നവന്‍റെ അവസ്ഥ. കാശിറക്കി കൃഷി ചെയ്‌താല്‍, അതില്‍ മുതല് പോലും തിരിച്ചു പിടിക്കാന്‍ പറ്റാത്ത അവസ്ഥ.  അന്ന്, പാര്‍ട്ടിക്കാരുടെ വയലുകള്‍ നികത്തുന്നതില്‍ ആരും ഒരു എതിരും പറഞ്ഞില്ല. പക്ഷെ, ഒരു രാഷ്ട്രീയ സ്വാധീനവും ഇല്ലാത്തവര്‍ നികത്തുമ്പോള്‍, അതു വല്ലവന്‍റെയും അവകാശമായി.  

ഇപ്പോള്‍ റോഡരികില്‍ പൊതുയോഗങ്ങള്‍ നടത്താന്‍ പാടില്ല എന്ന് കോടതി പറഞ്ഞപ്പോള്‍, ഈ രാഷ്ട്രീയക്കാര്‍ പറഞ്ഞത്, ഒരു പൌരന്‍റെ അവകാശത്തിന്മേല്‍ ഉള്ള കടന്നു കയറ്റം എന്നാണ്.  അപ്പോള്‍ മുന്‍പ് അവര്‍ കാട്ടിക്കൂട്ടിയത് എന്താണ് ?  അപ്പോള്‍ ഈ പൌരന്മാര്‍ എവിടെപ്പോയി?  റോഡുകള്‍ ഉപരോധിച്ചു പൊതുയോഗം നടത്തുമ്പോള്‍ അതു മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ ഈ നാട്ടിലെ പൌരന്മാരല്ലേ ?  അവരുടെ അവകാശങ്ങള്‍ എവിടെ ?   കൂടെക്കൂടെ "കേരളത്തിന്‍റെ ദേശീയ ഉത്സവം"  ആചരിക്കുന്ന ഇവര്‍, പൊതു മുതലുകള്‍ നശിപ്പിക്കുന്നത് പൌരന്‍റെ അവകാശത്തില്‍ ഉള്‍പ്പെടുന്നതാണോ?  ഈ നേതാക്കന്മാരുടെ വീടുകള്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് പോലെ ആരെങ്കിലും കൈ വെച്ചാല്‍, അന്ന് കൈവെച്ചവനെ ഈ ഭൂമുഖത്ത് നിന്ന് അവര്‍ നീക്കും.  അതും, ഈ പൌരാവകാശത്തില്‍ ഉള്‍പ്പെടുന്നതാണോ?  

സ്വയം ഉണ്ടാക്കാന്‍ കഴിയാത്തതിനെ നശിപ്പിക്കരുത് എന്നൊരു പ്രമാണം ഉണ്ട്.   അതു എന്തായാലും ശരി.  ഒരു ജീവന്‍ എടുത്താല്‍ അതു തിരിച്ചു കൊടുക്കാന്‍ നമ്മളെക്കൊണ്ട് കഴിയുമോ?  അതുപോലെ തന്നെയല്ലേ, ഈ പൊതു മുതലുകളും മറ്റുള്ളവരുടെ അവകാശങ്ങളും?  അതിനെ സംരക്ഷിക്കുന്നവരാകേണ്ട ഈ ഭരണകര്‍ത്താക്കള്‍ തന്നെ അതിനെ നശിപ്പിക്കുന്ന വിധി കര്‍ത്താക്കള്‍ ആകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതും, അതു ചെയ്തിട്ട് ചെയ്തവന്‍ പുണ്യാളന്‍ എന്ന് വിശേഷിപ്പിക്കുന്നതുമായ ഒരു ദുരവസ്ഥയിലാണ് ഇന്ന് നമ്മുടെ നാട്.  എന്തിനേറെ പറയുന്നു, നാട് ഭരിക്കുന്ന മുഖ്യ മന്ത്രിപോലും ഇതിനെല്ലാം കൂട്ട് നില്‍ക്കുന്നു.  

മലയാളികളെ നിങ്ങള്‍ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ, നമ്മുടെ നാടിന്‍റെ ഇപ്പോഴത്തെ സ്ഥിതി അഭിമാനിക്കാന്‍ പറ്റിയതാണ് എന്ന് ?  ലോകത്തിന്‍റെ ഏതു കോണില്‍ ചെന്നാലും ഒരു മലയാളിയെ കാണാന്‍ പറ്റും.  രണ്ട് തലകള്‍ തമ്മില്‍ ചേരും, നാല് മുലകള്‍ തമ്മില്‍ ചേരില്ല എന്ന അവസ്ഥയാണ് ഇന്ന് മലയാളിയുടെതും.  കേരളത്തിന്‍റെ അവസ്ഥ അതിലും പരിതാപകരം.  ഒരു പൌരന്‍റെ അവകാശത്തെ സംരക്ഷിക്കാന്‍ കഴിയാത്തവര്‍, പൌരന്‍റെ അവകാശത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നു.  നീതി-ന്യായങ്ങളെ എടുത്തു കാട്ടുന്നവരെ അപമാനിക്കുന്നു.  നിയമം എന്നത് പുസ്തകത്തില്‍ മാത്രം ഒതുങ്ങുന്ന ഒരു സംഗതിയായി മാറുന്നു.  വെള്ള തേച്ച ശവക്കല്ലറകളായ തന്തോന്നികള്‍ വാഴുന്ന ഒരു നാടായി മാറിയിരിക്കുന്നു. ഈ താന്തോന്നികള്‍ നാടിനെ നശിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അതിന്‍റെ അവസാനം ഇനി എത്ര ദൂരം?

ഒരുപാട് ആലോചിച്ചിട്ടാണ് ഇങ്ങിനെയൊരു തലക്കെട്ട്‌ തിരഞ്ഞെടുത്തത്.  എല്ലാവരും പറയും ഞാന്‍ എന്തിലും ഏതിലും നല്ലത് ഒരിക്കലും കാണില്ല എന്ന്. പക്ഷെ, നമ്മുടെ സ്വന്തം നാട്ടില്‍ നടക്കുന്ന ഈ കൊള്ളരുതായ്മകളെ വാഴ്തിപ്പാടാന്‍ എന്നെക്കിട്ടില്ല.  നല്ലതിനെ സ്വീകരിക്കുക, തീയതിനെ തള്ളുക എന്നതാണ് അഭികാമ്യം.
Powered by Blogger.