കുഴികളേ, നിങ്ങളുടെ കാലന്‍ വരുന്നൂ.
റോഡിലെ കുഴികള്‍ ജൂലൈ അഞ്ചിനകം നികത്തും. മന്ത്രി കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനു പ്രസ്താവിച്ചതാണ്. അതിന്‍റെ കൂടെ പറഞ്ഞു, കാലവര്‍ഷം കനക്കുമ്പോഴുണ്ടാകുന്ന കുഴികള്‍ അപ്പപ്പോള്‍ അടക്കും. ഇത് കേട്ടിട്ടാണോ എന്തോ, കാലവര്‍ഷവും പേടിച്ചു പോയി. മന്ത്രി പറഞ്ഞത് പോലെ കനത്തില്ല. ഏതു? കാലവര്‍ഷം. പക്ഷെ, മന്ത്രിയുടെ കീശ കനക്കാനുള്ളത് തെളിഞ്ഞു വന്നു. അതല്ലേ, പുതിയ യന്ത്രം. കുഴിയടക്കല്‍ യന്ത്രം.
പൊതുമരാമത്തു വകുപ്പിലെ ഉദ്യോഗസ്ഥരാണ് പുതിയ നിര്‍ദ്ദേശം വച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ വാങ്ങിയ യന്ത്രത്തിന് ഒരു കോടി രൂപയായി. പട്നയില്‍ വാങ്ങിയ യന്ത്രത്തിന് മുപ്പത്തിയഞ്ചു ലക്ഷവും. അതെന്താ? ലാലുവും ചൈനാക്കാരുടെ യന്ത്രങ്ങള്‍ വാങ്ങാന്‍ തുടങ്ങിയോ? എന്തായാലും, ഉദ്യോഗസ്ഥര്‍ പറയുന്നത്, പട്നയില്‍ കണ്ട യന്ത്രം മതി. അതില്‍ എന്തോ കൊഴയില്ലേ? ആവോ, ചെറിയൊരു സംശയം. ചിലപ്പോള്‍, മന്ത്രിയുടെ പാര്‍ട്ടിക്കാരുടെ പ്രിയപ്പെട്ട നാട്ടില്‍ നിന്നാവാം ആ യന്ത്രം. അതാകുമ്പോള്‍, വിലക്കുറവുണ്ട്, പിന്നെ വല്ല കിഴിവും ഉണ്ടാവും. കുഴിയടക്കാനല്ലേ, അപ്പോള്‍ ചെറിയ കിഴിവും കാണുമായിരിക്കും. കേരളത്തിലെ എഴുപത്തീരായിരത്തിലധികം വരുന്ന കുഴികള്‍ മഴയ്ക്ക് മുന്‍പേ അടച്ചു തീരുമെന്ന് പറഞ്ഞ മന്ത്രിയുടെ നാവു കുഴിയിലിറങ്ങി പോയെന്നു തോന്നുന്നു. എന്തായാലും, ഒരു മൌന സമ്മതം കാണുന്നുണ്ട്.
ഇനി നടക്കാന്‍ പോകുന്നതൊന്നു ആലോചിച്ചു നോക്കൂ. ഇപ്പോള്‍ അടച്ചുകൊണ്ടിരിക്കുന്ന കുഴികളുടെ അടവ് നില്‍ക്കും. കാരണം, വണ്ടി വരുന്നില്ലേ, ഇനി എന്തിനാ അടക്കുന്നത്, അതു വണ്ടി നോക്കിക്കൊള്ളും. ഇനി വണ്ടി വാങ്ങാനാനെങ്കിലോ, അതിന്‍റെ പഠനത്തിനു കുറെ പേരെ ഡല്‍ഹിക്കും, പട്നക്കും അയക്കും. പട്നയില്‍ എന്തു കാണാന്‍? അവര് വേറെ വല്ല കുഴികളും കണ്ടിട്ട് വരും. ഇവിടെ വന്നു എല്ലാം ഭംഗിയായി കഴിഞ്ഞു ( കാശു പൊടിച്ചു ) എന്നും പറഞ്ഞു ഒരു റിപ്പോര്‍ട്ട് വക്കും. അവസാനം, സര്‍ക്കാര്‍ വണ്ടി വാങ്ങാനുള്ള അനുമതി കൊടുക്കും. ചിലപ്പോള്‍, ഉണക്ക പ്രതിപക്ഷം വല്ല കോഴയുടെ കാര്യവും പറഞ്ഞു ചെറിയൊരു ബഹളം ഉണ്ടാക്കും. അതൊന്നും വിലപ്പോവില്ല. വണ്ടി വന്നു കഴിയുമ്പോഴുള്ള സ്ഥിതിയോ? ചുമട്ടു തൊഴിലാളികളുടെ വക ഒരു ബഹളം. വണ്ടി ഇറക്കുന്നതിനു നോക്ക് കൂലി വേണം. പാവം വണ്ടി കൊണ്ടുവരുന്നവന്‍റെ ഗതികേട് ഒന്നാലോചിച്ചു നോക്കിക്കേ?
ഇനി അതു നിരത്തിലിറങ്ങിയാലോ? അതോടിക്കാന്‍ ഒരു ഡ്രൈവറും, ഒരു സഹായിയും മതി. അപ്പോള്‍ ആരൊക്കെ അതിനെതിരെ വരുന്നു എന്നാര്‍ക്കറിയാം? ഒരു പക്ഷെ അപ്പോഴേക്ക് ഭരണം മാറിയേക്കാം. ഇന്ന് വണ്ടി വാങ്ങാന്‍ മുന്‍ കൈ എടുത്ത മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ സമരവുമായി വരും. കുഴിയടക്കല്‍ വണ്ടി വന്നത് മൂലം, കോടിക്കണക്കിനു ജനങ്ങളുടെ ജോലി നഷ്ടപ്പെട്ടു. നഷ്ടപരിഹാരം വേണം. അപ്പോഴേക്കും, ഈ നാട്ടിലുള്ള എഴുപത്തീരായിരം കുഴികള്‍ എല്ലാം ചേര്‍ന്നൊരു ചെറിയ തോടാകും, അല്ലെങ്കില്‍ പലതു കൂടി ചെറിയ കുളങ്ങള്‍ ഉണ്ടാവും. പിന്നെ, കുഴിക്കെതിരെ സമരം, കുഴിയടക്കാന്‍ വന്ന വണ്ടിക്കെതിരെ സമരം, അങ്ങിനെ കേരളത്തിന്‍റെ ദേശീയ ഉത്സവം പല തവണ ആചരിക്കപ്പെടും. അവസാനം പറയും, ഈ വണ്ടി കൊണ്ട് കുഴിയടക്കാന്‍ പറ്റില്ല. ഇനി വേറെ വണ്ടി വാങ്ങണം. എന്തിനേറെപ്പറയുന്നു, ജനങ്ങളുടെ കാശ് വല്ലവരുടെയും പോക്കറ്റില്‍; പാവം ജനങ്ങള്‍ നടുവൊടിഞ്ഞു ദുരിതത്തിലും.
വാല്‍ക്കഷണം: ഹര്‍ത്താല്‍ദിനത്തില്‍ കണ്ണൂരില്‍ റോഡിലെ കുഴികള്‍ നികത്തി. അവിടെ എന്തെ, ഹര്‍ത്താല്‍ അനുകൂലികള്‍ ആണോ നികത്തിയത്?
No comments:
Post a Comment