എന്‍റെ നിത്യ രാക്കാഴ്ച്ചകള്‍


സ്ഥലം : 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ഭക്ഷണശാല.  സമയം, രാത്രി ഏതാണ്ട് 9 ആകുന്നു. മിക്കവാറും എല്ലാ ഇരിപ്പിടങ്ങളും നിറഞ്ഞിരിക്കുന്നു.  ഒരൊറ്റ നോട്ടത്തില്‍ അവിടെ ഇരിക്കാന്‍ ഇടമില്ല.  ഒറ്റപ്പെട്ട ചില ഇരിപ്പിടങ്ങള്‍ മാത്രം ഒഴിഞ്ഞു കിടക്കുന്നു. എല്ലാരും വളരെ കൂലങ്കഷമായ എന്തോ, ഏതോ ചര്‍ച്ചയിലാണ്.  ചര്‍ച്ച നടത്തുന്ന മേശകളിലെല്ലാം കുറെ പച്ച വെള്ളം നിറഞ്ഞതും, പകുതിയായതുമായ ഗ്ലാസ്സുകളും, ഒരു ചായ ഗ്ലാസ്സും.  മേശക്കു ചുറ്റും, കുറഞ്ഞത്‌ മൂന്നു പേരെങ്കിലും ഇരിപ്പുണ്ടാകും. ചിലര്‍ ലാപ്‌ ടോപ്‌ വച്ചു എന്തൊക്കെയോ കാണിക്കുന്നു, ചിലര്‍ എഴുതിയെടുക്കുന്നു, ചിലര്‍ വളരെ ശ്രദ്ധയോടെ കേട്ടിരിക്കുന്നു. എന്താണ് സംഭവിക്കുന്നത്‌?  കാര്യം ഒന്നു തന്നെ. എങ്ങിനെ എളുപ്പം പണക്കാരനാകാം; അതാണ്‌ അവിടെ നടക്കുന്നത്. 

ജനങ്ങളുടെ അല്ലെങ്കില്‍ സര്‍ക്കാരിന്‍റെ കാശ് കൊണ്ട്, സര്‍ക്കാരിന്‍റെ ആള്‍ക്കാരെ കൊണ്ട്, സ്ഥലം ഒരുക്കി സര്‍ക്കാരിനെതിരെ സമരം ചെയ്ത അണ്ണാ ഹസാരയെപ്പോലെ, മറ്റുള്ളവന്‍റെ സ്ഥലത്ത് ഒരു ഗ്ലാസ് പച്ചവെള്ളവും കൊണ്ട്, അവന്‍റെ കച്ചവടം മണിക്കൂറുകളോളം മുടക്കിക്കൊണ്ട്, സ്വന്തം കീശ വീര്‍പ്പിക്കാന്‍ വിയര്‍പ്പോഴുക്കുകയും, അതെ സമയം, കുറെ പേരെക്കൂടി കുഴിയില്‍ ചാടിക്കുകയും ചെയ്യുന്ന പരിപാടി.   മണിചെയിന്‍ എന്ന പരിപാടി.

കുറെ നാളുകള്‍ ഞാനിതു ശ്രദ്ധിച്ചു.  ശ്രോതാക്കള്‍ മാറിക്കൊണ്ടേയിരിക്കും, പക്ഷെ പ്രാസംഗികന്‍ മാറില്ല.  ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ, പ്രായ ഭേദമെന്യേ ആണ് ഇത് കേള്‍ക്കാനും കേള്‍പ്പിക്കാനും ആളുകള്‍ അവിടെ ഉള്ളത്.  എല്ലാവരുടെയും സംസാരത്തിന്‍റെ സാരം ഒന്നു തന്നെ. "നിങ്ങള്‍ എന്തിനു മറ്റുള്ളവര്‍ക്ക് വേണ്ടി കഷ്ടപ്പെടണം? സ്വയം അധ്വാനിച്ചു കാശുണ്ടാക്കൂ!"  അവരുടെ ഭാഷയില്‍ "സ്വയം അധ്വാനം" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, മേലനങ്ങാതെ കാശുണ്ടാക്കാം എന്നതാണ്. വേറൊരു രീതിയില്‍ പറഞ്ഞാല്‍, ഞാന്‍ തന്നെ എന്‍റെ അധികാരി. ഒന്നിരുത്തി അവരുടെ കച്ചവട തന്ത്രത്തെ കുറിച്ച് ചിന്തിച്ചാല്‍, നാം നമുക്ക് വേണ്ടി ആയിരിക്കില്ല അവിടെ പ്രയത്നിക്കുന്നത്‌.  നമ്മള്‍ അകപ്പെട്ട കെണിയില്‍ മറ്റൊരാളെ കൂടി ചാടിക്കുന്നു, പിന്നെ കുറെക്കൂടെ ആള്‍ക്കാരെ ചാടിക്കാന്‍ നോക്കുന്നു. 

ഒന്നാലോചിച്ചാല്‍, മനുഷ്യന്‍ ഇപ്പോള്‍ ജീവിക്കുന്നത് പണത്തിനു വേണ്ടിയാണെന്ന് തോന്നും.  പണം ഒരു ചെറിയ ഘടകം മാത്രമല്ലേ?  അല്ലാതെ പണം അല്ലല്ലോ, മനുഷ്യന്‍റെ അവശ്യ വസ്തു.   വിലപ്പെട്ട നല്ല സമയങ്ങള്‍ മുടക്കി കാശുണ്ടാക്കുന്നതിലാണോ, ആ നല്ല സമയങ്ങള്‍ നല്ലതിന് വേണ്ടി വിനിയോഗിക്കുന്നതിനാണോ എന്ന് സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.  എല്ലുമുറിയെ പണിയെടുത്താല്‍ പല്ല് മുറിയെ തിന്നാം എന്ന പഴഞ്ചൊല്ല് മറക്കാതിരിക്കുന്നത് നല്ലത്.

1 comment:

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

ഇന്നതെ ലോകത്ത് പണം ഇന്നൊരു ആവശ്യവസ്തുവാണ്..... അതിന്റെ ശരിയായ രീതിയിലുള്ള ഉപയോഗമാണ് പ്രധാനം..... ആശംസകള്‍ ....

Powered by Blogger.