കറങ്ങിത്തിരിയുന്ന ലോകം
ഒരു മനുഷ്യ ജീവൻ, അതിന്റെ ജനനം മുതൽ മരണം വരെ ഉള്ള കാലങ്ങൾ ഏതാണ്ട് ഒരേപോലെ തന്നെ ആകും, അല്ലെ ? കാരണം, പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും ഒരു പോലെ ആണെന്ന് പറയുന്നത് കേട്ടിട്ടില്ലേ ? അല്ലെങ്കിൽ അനുഭവിച്ചിട്ടുണ്ടോ ? രണ്ടു പേർക്കും നല്ല കരുതലും സംരക്ഷണവും വേണം. അവർ പറയുന്നത് കേൾക്കണം. പിച്ച വയ്ക്കുന്ന കുട്ടിയെ പോലെ പ്രായമായവരെയും കൈ പിടിച്ചു നടത്തണം.
അപ്പോൾ പിന്നെ ഇതിനു രണ്ടിനും ഇടക്കുള്ള കാലങ്ങളോ ? എല്ലാം ഏതാണ്ട് ഒരേ പോലെ ആണ്. ഏതു മലക്കും ഒരു താഴ്വാരം ഉണ്ടാകും, ഏതു കയറ്റത്തിനും ഒരു ഇറക്കം ഉണ്ടാകും എന്ന് പറയുന്നത് പോലെ ആണ് അത്. മലമുകളിൽ എത്തിയാൽ അല്ലെ താഴോട്ടു ഇറങ്ങാൻ പറ്റൂ ? കയറിയാൽ അല്ലെ ഇറങ്ങാൻ പറ്റൂ ?
അതെ പോലെ ആണ് ഓരോ ജീവിതവും, ജീവനും. ഒരു ഉന്നത സ്ഥാനം ഉണ്ടാവും. അത് കഴിയുമ്പോൾ പതുക്കെ ഇറങ്ങി വരണം.
ഇപ്പോഴത്തെ ലോകത്തിന്റെ അവസ്ഥകളെ ആലോചിക്കുമ്പോൾ ഏതാണ്ട് അതെ പോലെ ഒക്കെ തോന്നുന്നു. കാരണം, പണ്ട് പണ്ട് ആദിമ മനുഷ്യർ വളരെ ചെറിയ തോതിൽ ആണ് വസ്ത്രങ്ങൾ ധരിച്ചിരുന്നത്. പിന്നീട് കാലങ്ങൾ മാറിയതോടെ തല മുതൽ കാലു വരെ മറക്കുന്നത് ഇടാൻ തുടങ്ങി. ഇപ്പോഴോ ? പ്രാകൃത മനുഷ്യരെ പോലെ വീണ്ടും എല്ലാം കാണിക്കാൻ തുടങ്ങി. അത് ഫാഷൻ ആണ് പോലും!!.
വസ്ത്രധാരണം മാത്രമല്ല മറ്റു പലതും അതെ പോലെ ആയി. പണ്ട് കാലത്തും ഇപ്പോഴും നമ്മൾ വെള്ളക്കാർ കറുത്തവർ എന്ന് പറഞ്ഞു ആളുകളെ തരാം തിരിച്ചിരുന്നു. അന്ന് വെള്ളക്കാർക്ക് കറുത്തവരെ ഇഷ്ടമല്ലായിരുന്നു. തൊലി നിറം ഒരു പ്രശ്നം ഉള്ള കാലം. ഇപ്പോഴോ എല്ലാത്തിനും കറുപ്പ് വേണം. ഉദാഹരണത്തിന്, ബ്ലാക്ക് ടീ, കറുത്ത കാർ, കറുത്ത ടൈ, എന്തിനു മൊബൈൽ ഫോൺ ലാപ്ടോപ്പ് വരെ "ഡാർക്ക് മോഡ്" അല്ലെ പുതിയ ട്രെൻഡ്. കറുപ്പിനെ ഇഷ്ടമില്ലാതെ ഇരുന്നിടത്തു നിന്നും കറുപ്പ് മതി എന്ന് പറയുന്ന കാലം.
ഓരോ കാര്യങ്ങളും ഇങ്ങിനെ മാറിക്കൊണ്ടിരിക്കുന്നു. ലോകം പുരോഗമിക്കുന്നു എന്ന് പറയുമ്പോൾ തന്നെ പലതും പലരും പഴയ കാലത്തിലെ നല്ലതിനോട് ( അതോ തിരിച്ചോ ) അടുക്കുന്നു, എന്തിനോ വേണ്ടി. കൈ കൂപ്പി വന്ദനം പറഞ്ഞിരുന്നത് നല്ല ശീലം അല്ല എന്ന് പഠിപ്പിച്ചിരുന്നവർ ഇപ്പോൾ മാരക വ്യാധികൾ വന്നപ്പോൾ കൈ കൂപ്പി വന്ദനം കൊടുക്കാൻ പഠിപ്പിക്കുന്നു. കെട്ടിപ്പിടിക്കേണ്ട, ഉമ്മ വെക്കേണ്ട എന്നൊക്കെ പഠിപ്പിക്കുന്നു.
ഈ കറങ്ങുന്ന ലോകം അതിന്റെ ഉച്ചസ്ഥായിയിൽ നിന്നും അവരോഹണം ചെയ്തു കൊണ്ടേയിരിക്കുന്നു. കാലം അസ്തമിക്കാറായി.
No comments:
Post a Comment