പാങ്കോർ ദ്വീപിലൂടെ


 മലേഷ്യ എന്നത് ഒരിക്കലും കണ്ടു മതി വരാത്ത ഒരു സ്ഥലം ആണ്.  ഒരുപാട് സ്ഥലങ്ങളുണ്ട് അവിടെ നമ്മൾക്ക് കാണാൻ.  ഓരോ പ്രാവശ്യവും പോകുമ്പോൾ എന്തെങ്കിലുമൊക്കെ പുതുമകൾ ഉണ്ടാവും അവിടെ.  അത്രക്ക് മനോഹരമാണ് അവിടെ.  അവിടുത്തെ ആൾക്കാർ അതെ പോലെ യാത്രകൾ ഇഷ്ടപ്പെടുന്നവരും ആണ്.  ഭക്ഷണത്തിനും അവിടെ വലിയ ബുദ്ധിമുട്ടില്ല.  ഒരു കോവിഡ് കാലത്തു ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചെയ്ത ഒരു യാത്ര.

എന്നും ഇപ്പോഴും യാത്ര ചെയ്തിരുന്നവരെ ശരിക്കും ബുദ്ധിമുട്ടിച്ച ഒരു കാലമായിരുന്നല്ലോ കോവിഡ്.  പതുക്കെ പതുക്കെ അതിർത്തികൾ തുറക്കുന്ന സമയം, എവിടെയെങ്കിലുമൊക്കെ പോകണം എന്ന് കരുതി.  ഞങ്ങൾ അങ്ങിനെ പാങ്കോർ ദ്വീപിൽ പോകാം എന്ന് തീരുമാനിച്ചു.  


മലേഷ്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ കിടക്കുന്ന ഒരു ദ്വീപ് ആണ് പാങ്കോർ.  വളരെ ചെറിയ ദ്വീപ്.  ക്വലാലംപൂർ നിന്ന് ഏകദേശം 2 - 3 മണിക്കൂർ ഡ്രൈവ് ചെയ്‌താൽ എത്താവുന്ന ഒരു സ്ഥലം.  രണ്ടു സ്ഥലങ്ങളിലൂടെ അവിടെ കടക്കാം.  ഒന്ന് മറീന ദ്വീപ് വഴിയും മറ്റൊന്ന് ലുമൂട് വഴിയും.  ഞങ്ങൾ മറീന ദ്വീപിൽ ചെന്നു.  അവിടെ വണ്ടി പാർക്ക് ചെയ്യാൻ ഒരുപാട് സ്ഥലങ്ങളുണ്ട്.  സീസൺ സമയം ആയതിനാൽ ഒരുപാട് യാത്രക്കാർ ഉണ്ട്.  ഞങ്ങൾക്ക് വളരെ ദൂരെ വണ്ടി ഇടേണ്ടി വന്നു.  

പാങ്കോർ ദ്വീപിൽ പോകാൻ മറീന ദ്വീപിൽ നിന്ന് ടിക്കറ്റ് എടുക്കണം.  പോകുമ്പോൾ തന്നെ തിരിച്ചുവരാനുള്ള ടിക്കറ്റ് എടുക്കുന്നതാണ് നല്ലത്.  അല്ലെങ്കിൽ വലിയ പ്രയാസം ആകും തിരിച്ചുള്ള ടിക്കറ്റ് നമ്മൾ ഉദ്ദേശിക്കുന്ന സമയത്തു കിട്ടാൻ.  ഞങ്ങൾ ആലോചിച്ച് അങ്ങോട്ടും ഇങ്ങോട്ടുമുള്ള ടിക്കറ്റ് എടുത്തു.  അവിടെ നിന്ന് കുറച്ചു ഭക്ഷണവും കഴിച്ചു.  മറീന ദ്വീപിൽ നിന്ന് 15 മിനിറ്റ് സമയമേ ഉള്ളൂ പാങ്കോറിൽ എത്താൻ.  ഇവിടെ നിന്നാൽ അവിടെ കാണുകയും ചെയ്യാം.  ലുമൂട്ടിൽ നിന്ന് 45 മിനിറ്റ് സമയം യാത്ര ഉണ്ട്, ബോട്ടിൽ.  


ദ്വീപിൽ കറങ്ങാൻ ഏറ്റവും നല്ലതു ബൈക്ക് ആണ്.  ചെറിയ റോഡുകൾ ആയതിനാൽ കാർ പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടും.  ബൈക്ക് ആകുമ്പോൾ എവിടെയെങ്കിലും വെക്കാം.  ഞങ്ങൾ 2 ബൈക്ക് നേരത്തെ തന്നെ പറഞ്ഞു വെച്ചിരുന്നു.  സീസൺ ആയതിനാൽ നേരത്തെ ബുക്ക് ചെയ്തില്ലെങ്കിൽ കിട്ടാൻ പ്രയാസം ആണ്. അതിനാൽ ഫേസ്ബുക് നോക്കി ആൾക്കാരെ തപ്പി എടുത്തു ബുക്ക് ചെയ്തിരുന്നു.  എന്തായാലും അത് നന്നായി.  ബോട്ട് ഇറങ്ങിയ ഉടനെ ബൈക്ക് എടുത്തു നമ്മുടെ വഴിക്കു പോയി.  

ഞങ്ങൾ കോറൽ ബേ എന്ന ഒരു ഹോട്ടലിൽ താമസിച്ചു.  അതിനു അടുത്ത് തന്നെ ബീച്ച് ഉണ്ട്.  അവിടെ എല്ലാവിധ ഭക്ഷണങ്ങളും കിട്ടുന്ന സ്ഥലം ആയതിനാൽ അതിനും ബുദ്ധിമുട്ടുണ്ടായില്ല.  ഹോട്ടലിൽ ചെന്ന് റൂം എടുത്തിട്ട്, വീണ്ടും ബൈക്ക് എടുത്തു കറങ്ങാൻ പോയി.  ഒരു റൌണ്ട് കൊണ്ട് ഞങ്ങൾ ദ്വീപ് ഒറ്റ നോട്ടത്തിൽ കണ്ടു. രാത്രി ഭക്ഷണം കഴിഞ്ഞു ഞങ്ങൾ പിറ്റേ ദിവസം പോകേണ്ട സ്ഥലങ്ങൾ പ്ലാൻ ചെയ്തു.  


രാവിലെ ബീച്ചിൽ നടക്കാൻ ഇറങ്ങി.  നല്ല സ്ഥലം.  ആൾക്കാർ ഒക്കെ ഒരുപാട് വരുന്നുണ്ട്.  അവിടെ ബീച്ചിൽ ഊഞ്ഞാൽ ഉണ്ടായിരുന്നു.  കുറച്ചു നേരം അതിൽ ആടി.  പിന്നെ ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് പോയി.  വെള്ളത്തിൽ നീന്താൻ ഉള്ള പരിപാടികൾക്കായി ഓരോരോ ഏജന്റുമാരെ കണ്ടു പിടിച്ചു.  പിന്നെ വിലപേശൽ ആയി.  അവസാനം ഒരെണ്ണം ഒത്തു.  അവർ നമ്മളെ അവരുടെ ബോട്ടിൽ ഒരു സ്ഥലത്തു കൊണ്ടാക്കി.  അവിടെ ഞങ്ങൾ കുറെ നേരം, അതായത് ഏകദേശം 2 മണിക്കൂർ തങ്ങി.  കുറച്ചു നേരം വെള്ളത്തിൽ നീന്തി.  പിന്നെ ആ ചെറിയ ദ്വീപിൽ കറങ്ങി നടന്നു.  അവർ പറഞ്ഞ സമയം ആയപ്പോൾ ബോട്ട് വന്നു കൊണ്ട് പോയി.  വെള്ളത്തിൽ കുറെയേറെ കടൽ കുക്കുമ്പർ ഉണ്ടായിരുന്നു.  ഒരു വഴുവഴുത്ത ജീവി. തല ഏതാ വാൽ ഏതാ എന്നറിയാൻ പറ്റാത്ത സാധനം.  അതിൽ നിന്ന് പശ പോലെ എന്തോ ഒന്ന് വരും.  അതാണ് വെള്ളം മുഴുവനും.  നമ്മുടെ ഉടുപ്പിൽ ഒക്കെ പറ്റും അതിനെ പിടിച്ചാൽ.  

ഉച്ച ഭക്ഷണം കഴിഞ്ഞു ഞങ്ങൾ ഹോട്ടലിൽ പോയി കിടന്നുറങ്ങി.  വൈകിട്ട് വീണ്ടും ഇറങ്ങി.  ഡിന്നർ കഴിക്കണമെങ്കിൽ നേരത്തെ പ്ലാൻ ചെയ്യണം.  അതായത് നിങ്ങൾക്ക് 8 മണിക്ക് കഴിക്കണം എന്നിരിക്കട്ടെ. ഒരു 6:30 മണിക്കെങ്കിലും തുടങ്ങണം.  അല്ലെങ്കിൽ കുറെ പാടുപെടും.  കാരണം എല്ലാ ഭക്ഷണശാലകളിലും അത്യാവശ്യം നല്ല തിരക്കാണ്. കൂടാതെ നല്ല താമസവും ഉണ്ട് സാധനം കിട്ടാൻ.  നിങ്ങൾ ഭക്ഷണം ഓർഡർ ചെയ്‌താൽ ഏകദേശം 1 മണിക്കൂർ ഇരിക്കേണ്ടി വരും അത് കിട്ടാൻ.  അതിനാൽ നേരത്തെ പ്ലാൻ ചെയ്‌താൽ സമയത്തു കഴിക്കാം.  അല്ലെങ്കിൽ എല്ലാ സാധനവും ഉണ്ടാവില്ല, വിശന്ന് കുറെ ഇരിക്കേണ്ടി വരും. 



വേഴാമ്പൽ ഒരുപാടുള്ള സ്ഥലമാണ് പാങ്കോർ.  അവിടവിടെ ആയിട്ട് അതിനെ കാണാം.  ബൈക്കിൽ കറങ്ങാൻ പറ്റിയ സ്ഥലം ആണ്.  പിറ്റേ ദിവസം ഞങ്ങൾ ഒരു ഡച്ച് കോട്ടയിൽ പോയി.  അത് കഴിഞ്ഞു വെള്ളത്തിൽ നിൽക്കുന്ന ഒരു പള്ളിയിലും.  അങ്ങിനെ ഞങ്ങളുടെ രണ്ടു ദിവസത്തെ പരിപാടി കഴിഞ്ഞു. 

തിരികെ പോരാൻ നേരം, നല്ല തിരക്ക് ബോട്ട് ജെട്ടിയിൽ.  നേരത്തെ തിരിച്ചുള്ള ടിക്കറ്റ് എടുത്തത് കാരണം അതിന് സമയം മിനക്കെട്ടില്ല.  എങ്കിലും, ബോട്ട് വരാനും ഒക്കെ കുറെ താമസമുണ്ടായി.  എന്തായാലും കോവിഡ് സമയത്തെ ഒരു നല്ല യാത്ര തന്നെ ആയിരുന്നു അത്.  ഒരിക്കലും മറക്കാൻ പറ്റാത്ത യാത്ര.   

1 comment:

Mani said...

Iniyum ithu polae ulla sthalangalil pokan daivam Ida tharatte 🙏🏻

Powered by Blogger.